തിരുവനന്തപുരം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന വന്ദന ദാസിനെ കൊലപ്പെടുത്തിയ അദ്ധ്യാപകനായ പ്രതി ജി. സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഇയാളെ സര്‍ക്കാര്‍ സര്‍വീസില്‍ ഭാവിയില്‍ നിയമനത്തിന് അയോഗ്യതനാക്കിയിട്ടുമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം വിലങ്ങറ യു.പി സ്‌കൂളില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട്,സംരക്ഷണ ആനുകൂല്യത്തില്‍ നെടുമ്പന യു.പി.സ്‌കൂളില്‍ ഹെഡ് ടീച്ചര്‍ ഒഴിവില്‍ ജോലി ചെയ്യുകയായിരുന്നു സന്ദീപ്.
മേയ് 10ന് രാവിലെ പൊലീസ് കസ്റ്റഡിയിലായ സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍ക്കെതിരെ അക്രമമുണ്ടായത്.സംഭവത്തിന് പിന്നാലെ, അന്നുതന്നെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സന്ദീപിനെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നല്‍കിയ കുറ്റപത്രത്തിലും മെമ്മോയിലും താന്‍ കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നു. സന്ദീപ് മദ്യത്തിന് അടിമയായിരുന്നുവെന്നും ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നെന്നും ബോധ്യപ്പെട്ടു. സന്ദീപിന്റെ ദുഷ്പ്രവൃത്തി അദ്ധ്യാപക സമൂഹത്തിനും പൊതുവിദ്യാഭ്യാസ വകുപ്പിനും തീരാ കളങ്കമാണെന്നും മന്ത്രി പറഞ്ഞു.