ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ 82 ശതമാനം ഓഹരി തങ്ങളുടെ പക്കലാണെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.
കണ്ണൂരില്‍ കോടതി സമുച്ചയത്തിനായി നിര്‍മ്മിക്കുന്ന ഏഴുനില മന്ദിരത്തിന്റെ കരാര്‍ ഊരാളുങ്കലിന് നല്‍കിയത് സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ എ.എം. മുഹമ്മദ് അലി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കരാര്‍ ഊരാളുങ്കല്‍ സഹകരണ സൊസൈറ്റിക്ക് നല്‍കിയതില്‍ നവംബര്‍ ഏഴിന് വിശദമായി വാദം കേള്‍ക്കാന്‍ ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് തീരുമാനിച്ചു. നിലവിലെ സ്റ്റേ തുടരും. കേരള ഹൈക്കോടതിയെ അറിയിച്ചതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ചൂണ്ടിക്കാട്ടി.