കൊച്ചി : നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് വീണ് കോൺഗ്രസ് എം എൽ എ ഉമ തോമസിന് ഗുരുതര പരിക്ക്. കൊച്ചി റിനെ മെഡി സിററിയിലെ വെന്റിലേറ്ററിലാണ് അവരിപ്പോൾ.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ ‘മൃദംഗനാദം’ നൃത്ത സന്ധ്യക്കിടെ, ആണ് അപകടം. 12000 ഭരതനാട്യ നർത്തകർ പങ്കെടുത്തതായിരുന്നു പരിപാടി.
താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്.ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല.അത് നിലം പതിച്ചപ്പോൾ ഒപ്പം എം എൽ എ യും വീഴുകയായിരുന്നു. സംഭവത്തിലെ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലദിത്യ അറിയിച്ചു.
ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് സംഘാടകർ സ്റ്റേജ് ഒരുക്കിയത്.സീറ്റ് ക്രമീകരണവും വളരെ മോശമായിരുന്നു.സ്റ്റേഡിയത്തിൽ സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ ഉണ്ടായിരുന്ന വിഐപി ഗാലറിയില്‍ നിന്നാണ് എംഎല്‍എ വീണത്. മുഖമടിച്ചുള്ള വീഴ്ചയിൽ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറി. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നു. നിലവിൽ അബോധാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
തലച്ചോറിനേറ്റ പരുക്കും ശ്വാസകോശത്തിനേറ്റ പരുക്കും ഗുരുതരമാണ്.24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളു.
ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി വീണ തോമസ് നിർദ്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം എത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളജിലേയും എറണാകുളം മെഡിക്കല്‍ കോളജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കൊച്ചിയിലെ റിനെ മെഡി സിററിയിൽ വന്നിട്ടുള്ളത്.