എ ഡി ജി പി യെ മാററാൻ മുഖ്യമന്ത്രി തയാറല്ല

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐ ശക്തമായി ആവശ്യപ്പെട്ടിട്ടും വിവാദപുരുഷനായി മാറിയ എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ മാററാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ അദ്ദേഹത്തെ കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വന്നില്ല.

പകരം, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് തുടരന്വേഷണം നടത്താൻ ധാരണയായി. മൂന്നു തലത്തിലാവും അന്വേഷണം. കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയും ഇന്റലിജന്‍സ് മേധാവിയും വെവ്വേറെ അന്വേഷണം നടത്തും.

പൂരം അലങ്കോലപ്പെടുത്തലിൽ തൃശൂര്‍ ജില്ലാ ഭരണകൂടം , വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വീഴ്ചയിലായിരിക്കും രഹസ്യാന്വേഷണ വിഭാഗം എഡിജിപി അന്വേഷണം നടത്തുക.

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തരവകുപ്പും തള്ളിയിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പുതിയ അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ എഡിജിപിക്കെതിരെ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇതുവരെ നല്‍കിയിട്ടില്ല. പൂരം കലക്കുന്നതിന് വനംവകുപ്പ് ഗൂഢാലോചന നടത്തിയെന്ന് പാറമേക്കാവ് ദേവസ്വം ആരോപിച്ചിരുന്നു.

പൂരം കലക്കിയതാണെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ ശരിവെച്ചു . തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ആസൂത്രിതമായ അട്ടിമറി ശ്രമം നടന്നു. എഡിജിപി അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്ര അന്വേഷണ റിപ്പോര്‍ട്ടായി കാണാനാകില്ല.

പൂരവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പ്രശ്‌നമുണ്ടായി. എക്‌സിബിഷനുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ആദ്യം ഉയര്‍ന്നത്. ആ ഘട്ടത്തില്‍ ഇടപെടേണ്ടി വന്നിരുന്നു. അതിന് പരിഹാരമാകുകയും ചെയ്തു. ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നം ഉയര്‍ന്നിരുന്നു. അതും പരിഹരിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടമായിരുന്നു പൂരം. അതിന്റെ അവസാനഘട്ടത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായി എന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിയെ ആണ് ഇതിന് ചുമതലപ്പെടുത്തിയത്. ആ അന്വേഷണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 23നാണ് ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആ റിപ്പോര്‍ട്ട് 24ന് തനിക്ക് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.