ഹൈക്കോടതിക്ക് പുല്ലുവില; ടി പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് ?

തിരുവനന്തപുരം: സി പി എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ മൂന്നു പേർക്ക് ശിക്ഷാ ഇളവ് നൽകാൻ പിണറായി വിജയൻ സർക്കാർ നീക്കം തുടങ്ങി.

ഹൈക്കോടതി വിധി മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള തിരുമാനത്തിലാണ് സർക്കാർ. പ്രതികളായ ടി കെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ഇതു സംബന്ധിച്ച പട്ടികയിലുള്ളത് ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് പുറത്ത് വന്നിട്ടുണ്ട്.ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ ഹർജി തള്ളിയായിരുന്നു ശിക്ഷ വർധിപ്പിച്ചത്.

വിവിധ കേസുകളിലെ 56 പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതിന്റെ ഭാ​ഗമായാണ് സർക്കാർ നിർദേശത്തെ തുടർന്ന് റിപ്പോർട്ട് തേടിയിരിക്കുന്നത്. കേസിലെ ഇരകളുടെ ബന്ധുക്കൾ, പ്രതികളുടെ അയൽവാസികളും ബന്ധുക്കളും എന്നിവരോട് സംസാരിച്ചശേഷം റിപ്പോർട്ട് തയ്യാറാക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.കെ രമ എം എൽ എ പറഞ്ഞു. ‘പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാൻ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയിൽ വളരെ വ്യക്തമായിട്ടുണ്ട്.പ്രതികളുടെ ശിക്ഷ കോടതി ഇരട്ടിയായി വർധിപ്പിക്കുകയും ഇരട്ട ജീവപര്യന്തം ആക്കുകയും ചെയ്തിട്ടുണ്ട്.

ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്.

ഇവരുടെ പേര് ശിക്ഷായിളവ് നൽകുന്നവരുടെ പേര് പട്ടികയിൽ പോലും ഉണ്ടാവാൻ പാടില്ലാത്തതാണ്. ശക്തമായ കോടതി വിധി ഉണ്ടായിട്ടുപോലും ഇതാണ് സർക്കാറിന്റെ നീക്കമെങ്കിൽ അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം. കോടതിയേയും ഗവർണറെയും സമീപിക്കും- അവർ അറിയിച്ചു.