കൊച്ചി: സിറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ വായിക്കാതെ പള്ളികളും കോണ്‍വെന്റുകളും. എറണാകുളം അതിരൂപതയില്‍ ഞായറാഴ്ച കുര്‍ബാന നടന്ന 328 പള്ളികളില്‍ വെറും 10 പള്ളികളില്‍ മാത്രമാണ് സിറോ മലബാര്‍ സിനഡ് മെത്രാന്മാരുടെ സംയുക്ത സര്‍ക്കുലര്‍ വായിച്ചത്. 318 പള്ളികളും സിനഡ് സര്‍ക്കുലര്‍ തള്ളിക്കളഞ്ഞു. ഇതില്‍ സ്ഥാപനങ്ങളും കോണ്‍വെന്റുകളും ഉള്‍പ്പെടെ നേതൃത്വത്തിന് എതിരാണ്.
പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിന് ശേഷം സിനഡിന്റെ അവസാന ദിവസമായ ജനുവരി 13ന്, സിറോ മലബാര്‍ സഭ പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും സിനഡ് നിര്‍ദേശിക്കുന്ന കുര്‍ബാന അര്‍പ്പിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കൂടാതെ പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും സര്‍ക്കുലര്‍ വായിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ വിശ്വാസികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. സിറോ മലബാര്‍ സിനഡ് പിതാക്കന്മാര്‍ ഒപ്പിട്ട് പുറത്തിറക്കിയ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിക്കേണ്ടതില്ലെന്ന് അതിരൂപത സംരക്ഷണ സമിതി തീരുമാനിച്ചിരുന്നു.
കുര്‍ബാന തര്‍ക്ക വിഷയത്തില്‍ മുന്നറിയിപ്പുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും രംഗത്തെത്തിയത് മുമ്പ് വാര്‍ത്തയായിരുന്നു. തോന്നിയതുപോലെ കുര്‍ബാന ചൊല്ലാനാകില്ലെന്നും ആരാധനാക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചു മാറ്റാനുള്ളതല്ലെന്നും ബിഷപ്പ് അന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും വിശ്വാസികളുടെ ഇന്നത്തെ നിലപാട് പുതിയ നേതൃത്വത്തിനും തലവേദന ഒഴിയില്ലെന്നത് വ്യക്തമാക്കുന്നതാണ്.