കൊച്ചി: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം തള്ളി.
മന്ത്രാലയം നടത്തിയ സാങ്കേതിക പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ മാനദണ്ഡപ്രകാരം റിപ്പോർട്ട് പുതുക്കി സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടിട്ടുണ്ട്.
സിൽവർലൈൻ പദ്ധതിയിൽ റെയിൽവേ നിർദേശിച്ച മാറ്റങ്ങൾ മിക്കതും കേരളത്തിലെ നിർദിഷ്ട മൂന്ന്, നാല് റെയിൽപ്പാതയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതു തന്നെ. വ്യാഴാഴ്ച കെ റെയിൽ – റെയിൽവേ അധികൃതർ തമ്മിൽ കൊച്ചിയിൽ നടക്കുന്ന ചർച്ചയിലെ പ്രധാന പ്രതിസന്ധിയും ഇതാണ്.
റെയിൽവേ സ്വന്തം നിലയ്ക്കു ഈ പാതകൾ നിർമിക്കുമെന്നിരിക്കെ ‘സിൽവർലൈൻ എന്ന പേരിൽ അതേ പാത കേരളം പണം മുടക്കി നിർമിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്. നാഗർകോവിൽ–മംഗളൂരു, എറണാകുളം–കോയമ്പത്തൂർ റൂട്ടുകളിൽ മൂന്നും നാലും പാതകളുടെ സർവേ റെയിൽവേ നടത്തി വരികയുമാണ്.
പാത ബ്രോഡ്ഗേജാക്കണം, വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഓടിക്കാൻ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണു റെയിൽവേയുടേത്. ഇവയാണ് റെയിൽവേയുടെ മൂന്നും നാലും പാതയുടെ മാനദണ്ഡങ്ങളും. ഡിസൈൻ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ എന്നിങ്ങനെയാണു സിൽവർലൈൻ പദ്ധതി വിഭാവനം ചെയ്തിരുന്നത്.പാത സ്റ്റാൻഡേഡ് ഗേജിലും.
പൂർണ്ണമായി പാരിസ്ഥിതിക അനുമതി പദ്ധതിക്ക് വേണം. നിർമ്മാണ ഘട്ടത്തിലും ജോലികൾ പൂർത്തിയായതിനുശേഷവും പൂർണ്ണമായ ഡ്രൈനേജ് സംവിധാനം വേണം. നിലവിൽ സമർപ്പിച്ച പദ്ധതി റിപ്പോർട്ട് തൃപ്തികരമില്ലെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.
കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.