April 22, 2025 11:56 pm

മാസപ്പടിക്കേസിൽ ഷോൺ ജോർജ്ജിന് തൽക്കാലം തിരിച്ചടി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേണം തുടരുന്നതിനാൽ ബി ജെ പി നേതാവ് ഷോൺ ജോർജ്ജ് നൽകിയ ഹർജിക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി.

അബുദാബി കൊമേഷ്യൽ ബാങ്കിൽ വീണയ്ക്ക് ഉള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഉപഹർജി സംബന്ധിച്ച നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.

അന്വേഷണം കഴിഞ്ഞിട്ടും പരാതി ഉണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് കെഎസ്ഐഡിസി നൽകിയ ഹർജി ജൂലായ് 15ലേക്ക് മാറ്റിയിട്ടുണ്ട്.

കോടതി ഉത്തരവുപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്റെ ഭാഗമായി പണമിടപാടും പരിശോധിക്കണമെന്നായിരുന്നു ഷോൺ ജോർജിൻ്റെ ഹർജിയിലെ ആവശ്യം. വീണാ വിജയനും ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മാസപ്പടി കേസിൽ നൽകിയ ഹർജിയുടെ ഭാഗമായായിരുന്നു ഉപഹർജി. വിവാദ കമ്പനികളായ എസ് എൻ ലാവ്‌ലിൻ, പിഡബ്യൂസി എന്നിവയിൽ നിന്നും കോടിക്കണക്കിന് രൂപ അബുദാബിയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജ് ആരോപിച്ചത്.

ആദായനികുതിയും റവന്യു ഏജൻസികളും അന്വേഷിച്ചിരുന്ന എക്സാലോജിക് കമ്പനിക്കെതിരായ പരാതിയാണ് വൻകിട സാമ്പത്തിക വഞ്ചനാകേസുകൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുത്തത്.

വീണയുടെ കമ്പനി സംസ്ഥാനത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയെ പണത്തിന്റെ ഇടപാടിനെചൊല്ലിയാണ് ആദായനികുതി വകുപ്പ് സംശയം ഉന്നയിക്കുകയും പിന്നീട് രജിസ്ട്രാർ ഒഫ് കമ്പനീസ് (ആർ ഒ സി)​ അന്വേഷണത്തിന് കൈമാറുകയും ചെയ്തത്. വീണ വിജയന്‍ മാസപ്പടി വാങ്ങിയത് അടക്കമുള്ള പരാതികളാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്.

പ്രതികള്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ പോലും അധികാരമുള്ള ഏജന്‍സിയാണിത്. എക്സാലോജിക്കും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് എസ്എഫ്‌ഐഒ പ്രധാനമായും അന്വേഷിക്കുന്നത്.

എട്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് എസ്എഫ്‌ഐഒയ്ക്ക് നൽകിയിരിക്കുന്ന നിർദേശം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News