മാസപ്പടിക്കേസിൽ വിദേശ ബാങ്ക് ഇടപാടും അന്വേഷണത്തിൽ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക് എന്ന ഐ ടി കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.

വിവാദ വ്യവസായി ശശിധരൻ കർത്തായുടെ ഉടമസ്ഥതയിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയാണ് സി എം ആർ എൽ. ഈ കമ്പനികളുടെ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന് (എസ്എഫ്ഐഒ) അബുദാബിയിലെ ഒരു ദുരൂഹ ബാങ്ക് അക്കൗണ്ടിനെ കുറിച്ചു വിവരം ലഭിച്ചിട്ടുണ്ട്.

രണ്ട് വിദേശ കമ്പനികളിൽനിന്ന് അബുദാബിയിലെ അക്കൗണ്ടിലേക്ക് എത്തിയത് 3 കോടി രൂപ വീതമെന്നു പറയുന്നത്. ഇതിനു പുറമെ, വേറെ കമ്പനികളിൽ നിന്നും ഈ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നു. മലയാളികളാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനു പിന്നിൽ എന്ന് സൂചനകൾ ഉണ്ട്.

ഈ പണമെല്ലാം അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തി. വിദേശ പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിന്റെ അന്വേഷണത്തിനിടയിലാണ് അബുദാബി ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരം എൻഫോഴ്മെൻ്റ് ഡയറക്ടറേറ്റിനു കിട്ടുന്നത്.

എക്സാലോജിക്കിനു വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ബി ജെ പി നേതാവ്
ഷോൺ ജോർജ് രംഗത്തെത്തിയിട്ടുണ്ട്.വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.

വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഈ അക്കൗണ്ടിൽ പണം വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വീണ വിജയന്റെ ഐഡി റിട്ടെണിൽ ഈ അക്കൗണ്ട് വിവരങ്ങൾ ഇല്ലെങ്കിൽ അത് കുറ്റകരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.