April 22, 2025 11:56 pm

സർക്കാർ വാദം വെറുതെ: രക്ഷിതാക്കൾ സർക്കാർ സ്കൂളുകളെ കൈവിടുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് ഇടതുമുന്നണി സർക്കാർ വരുത്തിയ പരിഷ്കാരങ്ങൾ മൂലം പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ഒഴുകിയെത്തുന്നു എന്ന വാദം പൊളിയുന്നു.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം കൂടിയത് സർക്കാർ വലിയ നേട്ടമായാണ് പ്രചരിപ്പിച്ചിരുന്നത്. വിദ്യാഭ്യാസ നയത്തിനുള്ള അംഗീകാരമാണ് ഇതെന്നായിരുന്നു വാദം.

എന്നാൽ, സർക്കാർ നടത്തുന്ന പൊതുവിദ്യാലയങ്ങളോടുള്ള താല്പര്യം കുറഞ്ഞു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്.സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം മുൻവർഷത്തെക്കാൾ താഴെ പോയി.

സർക്കാർ സ്കൂളുകളിൽ 6,928 കുട്ടികളാണ് കുറഞ്ഞത്. അതേസമയം സർക്കാർ സഹായം ഇല്ലാത്ത സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു.

ഈ വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കണക്ക് വന്നപ്പോൾ സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞു. ഒന്നാം ക്ലാസിൽ സ്കൂളിലെത്തിയത് ആകെ 92,638 കുട്ടികളാണ്. കഴിഞ്ഞ വർഷം 99,566 സർക്കാർ സ്കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയിരുന്നു. സർക്കാർ സ്കൂളിൽ ഇത്തവണ കുറഞ്ഞത് 6928 പേർ.

എയ്ഡഡ് സ്​​കൂളിലും ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്. എയ്ഡഡ് സ്​​കൂളുകള്‍ ഈ വർഷം 1,58,348 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പഠിച്ചത്. കഴിഞ്ഞ വർഷം ഇത് 1,58,583 ആയിരുന്നു. 235 കുട്ടികളാണ് കുറഞ്ഞത്.

ജനസംഖ്യാ നിരക്കിലെ കുറവാണ് കാരണമെന്ന് പറയാനാകില്ല. അൺ എയ്ഡഡ് സ്കൂളുകളോട്‌ പ്രിയം കൂടുന്നു എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

ഈ വർഷം 47,862 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം 39,918 കുട്ടികളാണ് അൺ എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിൽ പഠിച്ചത്. അൺ എയ്ഡഡ് സ്​​കൂളിൽ ഒന്നാം ക്ലാസിൽ 7944 കുട്ടികൾ കൂടി എന്നാണ് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News