തൃശൂര്‍: വ്യാജരേഖകൾ ചമച്ച് 20 കോടിയോളം രൂപയുമായി ഒളിവില്‍ പോയ വലപ്പാട് മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ മുൻ അസിസ്റ്റന്റ് ജനറല്‍ മാനേജർ ധന്യാ മോഹന്‍ കീഴടങ്ങി.
കൊല്ലം സ്വദേശിനി അവർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.18 വര്‍ഷത്തോളമായി ഈ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു ധന്യാ മോഹന്‍ .
2019 മുതല്‍ വ്യാജ വായപകളെടുത്ത് കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റേയും സഹോദരന്റേയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്താണ് ഇവർ 20 കോടിയോളം രൂപ തട്ടിയെടുത്തത് എന്ന് പോലീസ് പറയുന്നു.
ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനും ആഡംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. റമ്മിയില്‍ നടത്തിയ രണ്ടു കോടിയുടെ ഇടപാടിന് ആദായ നികുതി വകുപ്പ് കണക്കു ചോദിച്ചെത്തിയെങ്കിലും മറുപടി നല്‍കിയില്ല. ഇത് കമ്പനിയിലറിഞ്ഞതോടെയാണ് സംഭവം പുറത്തായത്.
കുടുംബാംഗങ്ങള്‍ക്കൊപ്പം ഒളിവില്‍ പോയ ധന്യക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തട്ടിപ്പു പണം ഉപയോഗിച്ച് ധന്യ വാങ്ങിയ വലപ്പാട്ടേതുള്‍പ്പടെയുള്ള സ്വത്തുക്കള്‍ കണ്ടു കെട്ടാനും നടപടി തുടങ്ങിയിട്ടുണ്ട്.