പുതിയ പോർമുഖം: അൻവറിൻ്റെ ലക്ഷ്യം പാർടി സമ്മേളനങ്ങൾ

തിരുവന്തപുരം: സി പി എം സംഘടനാ സമ്മേളനങ്ങൾ തുടർന്നുകൊണ്ടിരിക്കെ, പുതിയ പോർമുഖം തുറന്നിരിക്കയാണ് സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ. ഇനി ഒരു വെടിനിർത്തലിന് സാധ്യതയില്ലെന്ന് സി പി എം സംസ്ഥാന നേതൃത്വവും മനസ്സിലാക്കുന്നു. അതീവ രൂക്ഷമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചത്.

പിണറായി വിജയൻ, മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് , പൊളിററിക്കൽ സെക്രട്ടറി പി. ശശി, എ ഡി ജി പി : എം.അർ അജിത് കുമാർ എന്നിവർക്കെതിരെ അൻവർ മാധ്യമ സമ്മേളനത്തിൽ ആഞ്ഞടിച്ചു. ഇവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി- ഫെബ്രുവരി വരെ നീളുന്ന പാർടി സമ്മേളനങ്ങളിൽ ഈ വിവാദം കത്തിപ്പടരും.

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അൻവറിൻ്റെ പ്രധാന ആരോപണം. മൂക്കിന് കീഴില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും പിണറായിക്ക് അറിയില്ല. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായിയെന്നും അന്‍വര്‍ പരിഹസിച്ചു.

പിണറായിയെ നയിക്കുന്നത് ഉപജാപക സംഘങ്ങളാണെന്നും, എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. എന്നാല്‍ അദ്ദേഹം എന്നെ ചതിച്ചു. ഉന്നതര്‍ക്ക് എന്ത് അഴിമതിയും നടത്താമെന്നതാണ് സ്ഥിതിയെന്നും അന്‍വര്‍ ആരോപിച്ചു.

സിപിഎമ്മില്‍ അടിമത്തമാണ് നടക്കുന്നത്. മരുമകന്‍ മുഹമ്മദ് റിയാസിന് വേണ്ടിയാകാം ഇതെല്ലാം. പാര്‍ട്ടിയില്‍ ഒരു റിയാസ് മാത്രം മതിയോയെന്നും അന്‍വര്‍ ചോദിക്കുന്നു. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പോലും രക്ഷയില്ലെന്നും അന്‍വര്‍ പരിഹസിച്ചു. ആഭ്യന്തര മന്ത്രിയായി ഒരു നിമിഷം പോലും തുടരാന്‍ പിണറായിക്ക് അര്‍ഹതയില്ലെന്നും അദ്ദേഹത്തിന്റെ ശോഭ കെട്ടുവെന്നും അന്‍വര്‍ പറയുന്നു.

തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് അദ്ദേഹം അറിയിച്ചു. പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് ബോധ്യപ്പെട്ടു.

മലപ്പുറം എസ്പി ഓഫിസിലെ മരംമുറി കേസിൽ അന്വേഷണം തൃപ്തികരമല്ല. സ്വർണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാർട്ടി നൽകിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകൾ പരിശോധിച്ചില്ല.അൻവർ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി പൊതുസമൂഹത്തിനു മുന്നിൽ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാൻ മഹത്വവൽകരിക്കുന്നുവെന്ന പ്രസ്താവനയും എൻ്റെ പ്രതിച്ഛായ മോശമാക്കി.

മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവൻ പാർട്ടിയിലായിരുന്നു. എട്ടു വർഷമായല്ല താൻ പാർട്ടിയിൽ നിൽക്കുന്നത്. ഡിഐസി തിരിച്ച് കോൺഗ്രസിൽ പോയതു മുതൽ താൻ പാർട്ടിയുമായി സഹകരിക്കുന്നുണ്ട്.

പാർട്ടി നേതാക്കന്മാർക്ക് സാധാരണക്കാരുടെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാൽ രണ്ടടി കൂടി പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടും. ഇതിനു കാരണം പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാർ എഴുതി കൊടുക്കുകയാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത നീക്കം ഹൈക്കോടതിയിലേക്കാണ്. നീതിപൂർവം ഒന്നും നടക്കുന്നില്ല.

ഇന്ന് ഈ പത്രസമ്മേളനം നടത്താൻ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാർ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാർട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. ഈ പറയുന്നതിൽ വല്ല വാസ്തവവും ഉണ്ടോയെന്ന് മുഖ്യമന്ത്രി അന്വേഷിക്കേണ്ടേ. എന്റെ പിന്നാലെ പൊലീസുണ്ട്.

ശബ്ദുമുണ്ടാക്കാതെ വീടിനു പിന്നിൽ കൂടി വന്നുനോക്കിയപ്പോൾ രണ്ടു പൊലീസുകാർ വീടിനു മുന്നിലുണ്ട്. ഞാൻ‌ സംസാരിക്കുന്നത് മുഴുവൻ പൊലീസ് കേൾക്കുന്നുണ്ടായിരിക്കും. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുൻപ് ജനങ്ങളോട് കാര്യം പറയണം. മുഖ്യമന്ത്രിക്ക് അജിത് കുമാർ എഴുതി കൊടുത്ത കഥയും തിരക്കഥയും വാസ്തവമല്ല. ആരാ നിങ്ങളുടെ പിന്നിലെന്ന് ചോദിക്കുന്നു. പടച്ചവനാണ് എന്നെ സഹായിച്ചത്. പടച്ചവൻ എന്റെ കൂടെയുണ്ട്.

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയെ കൊണ്ട് താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണം. എ‍.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകൾ പുനരന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വർണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതൽ 50 ശതമാനം വരെ സ്വർണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണം.

ഞാൻ മുഖ്യമന്ത്രിയെ കണ്ടത് 5 മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തള്ളാൻ വേണ്ടി ഇരുന്നതല്ല. പൊലീസിന്റെ ഏകപക്ഷീയമായ വർഗീയമായ നിലപാടുകൾ കുറേ കാലമായി ഞാൻ ചോദ്യം ചെയ്യുകയാണ്. ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾ‌ക്കും പൊലീസ് സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല.മറുനാടൻ മലയാളിയിലെ ഷാജൻ സ്കറിയയുമായി ബന്ധപ്പെട്ട കേസിൽ ശശിയുമായി ഞാൻ പാടെ അകന്നിരുന്നു. നവകേരള സദസ് നടത്തിയെ കൺവീനറെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഞാൻ ശശിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എഡിജിപിയും എടുത്തില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കിട്ടുന്നിടത്ത് ചാമ്പാൻ വേണ്ടിയാണ് ഞാൻ നടന്നത്. അങ്ങനെയാണ് പൊലീസ് അസോസിയേഷന്റെ പരിപാടിയിൽ പ്രസംഗം നടത്തിയത്.

ഉന്നയിച്ച വിഷയങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ കുറ്റവാളിയാക്കി. പലപ്പോഴും മുഖ്യമന്ത്രി വിളിക്കുമെന്ന് പാർട്ടി പറഞ്ഞിരുന്നു. വിളിക്കാതെ വന്നപ്പോഴാണ് വാർ‌ത്താസമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചത്. പൊലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പൊലീസ് അസോസിയേഷന്റെ പ്രസംഗത്തിൽ പറഞ്ഞു. ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ‌ പോയി. രാവിലെ 9 മണിക്ക് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 മണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്.

11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളുതുറന്ന് ഞാൻ പറ‍ഞ്ഞു, എല്ലാം കേട്ടു. സിഎമ്മിനോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറ‍ഞ്ഞു. നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കസേരയിലിരുന്നു ഒരു നിശ്വാസം. ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. എന്തോ ഒരു നിസഹായ അവസ്ഥ എനിക്ക് ഫീൽ ചെയ്തു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർ‌ച്ച ചെയ്യുന്നില്ല.

കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ. ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്മ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സിഎമ്മിന്റെ മുന്നിൽ നിന്നും ശബ്ദം ഇടറി കരഞ്ഞു. അവിടെയിരുന്ന് കണ്ണൊക്കെ തുടച്ച് ശാന്തനായി. അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എനിക്ക് ഈ ദുരന്തങ്ങളൊന്നും ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. പാവപ്പെട്ട പാർട്ടി സഖാക്കളെയാണ് ഞാൻ ആലോചിച്ചത്. അതിനാലാണ് നിരന്തരം വാർത്താസമ്മേളനം നടത്തിയത്. ഇനി അൻവറിനെ നിലയ്ക്കുനിർ‌ത്താൻ യാതൊരു മാർഗവുമില്ല. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകൾ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമാണ് ഈ സ്ഥലങ്ങൾ. മഹാനായ സത്യസന്ധനായ ഏറ്റവും നല്ല ആത്മാർഥതയുള്ള മാതൃകപരമായി പ്രവർത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. 10 ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാർട്ടി സഖാക്കൾ ആലോചിക്കട്ടെ.

ഞാൻ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ല. പാർട്ടിയുടെ അടിസ്ഥാനമായ നയം പാവങ്ങളെ സ്നേഹിക്കുകയാണ്. വർഗീയതയ്ക്ക് എതിരെ ശക്തമായി നടപടികൾ എടുക്കുന്ന പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ പാർട്ടി പാർട്ടി എന്നു പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ആർക്കെതിരെയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. ഗോവിന്ദൻ എന്ന സഖാവിന്റെ ഗതി ഇങ്ങനെയെങ്കിൽ ബാക്കിയുള്ളവരുടെ ഗതി എന്താണ്. എല്ലാവരും ഇവരുടെ അടിമകളായി നിൽക്കണം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ല.

എനിക്ക് വിഷമമുണ്ടാകും. ഞാൻ പ്രതികരിക്കും, പ്രതികരിച്ചു കൊണ്ടേയിരിക്കും. പാർട്ടി സഖാക്കൾ പ്രതികരിക്കരുത്, പൊലീസ് സ്റ്റേഷനിൽ പോകേണ്ട വില്ലേജ് ഓഫിസിൽ പോകേണ്ടയെന്നാണ് പറയുന്നത്. ഭയങ്കര സത്യസന്ധമായ ഭരണം. എല്ലാവർക്കും സമം. എന്ത് സമം? കമ്യൂണിസ്റ്റുകാരെ മുഴുവൻ വേട്ടയാടുകയാണ്.

ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ഭയാനകമായ വിഷയം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെ ഏറ്റവും വലിയ നേതാക്കന്മാരെല്ലാം ഒന്നാണ്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. അവരെ ബാധിക്കുന്ന വിഷയങ്ങൾ രാത്രി ഇവർ ഷെയർ ചെയ്യും. അതുകൊണ്ടാണ് ഇവിടെ പല കേസുകളും തെളിയാത്തത്. ഈ വിഷയം ആത്മാർഥമായി പ്രതിപക്ഷത്തെ ഒരു കക്ഷിയും ഏറ്റെടുത്തിട്ടില്ല. കേരളത്തിലെ ജനങ്ങൾക്ക് നെഞ്ചത്തു വച്ചു പറയണം. ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്തത് അജിത് കുമാറാണ്. അജിത് കുമാറിന് ആരെങ്കിലും നിർദേശിച്ചിട്ടാകില്ലേ സീറ്റുണ്ടാക്കി കൊടുത്തത്.

ഈ സംസ്ഥാനത്തെ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നത്. പൊതുപ്രവർത്തകർക്ക് പൊതുവിഷയങ്ങളിൽ‌ ഇടപെടേണ്ട എല്ലാ സ്വാതന്ത്ര്യത്തിനും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ഈ സർക്കാരിന്റെ സംഭാവനയാണ്. ഞാൻ ഈ സമൂഹത്തോട് വഞ്ചന ചെയ്യാൻ തയാറല്ല. ഈ തട്ടിപ്പുരീതി സഹിക്കാൻ തൽക്കാലം ഞാൻ തയാറല്ല. കഴിഞ്ഞ 5 വർഷത്തിനിടെ കണ്ണൂരിൽ നടന്ന കൊലപാതകങ്ങളിൽ ഏതെങ്കിലും കൃത്യമായി അന്വേഷിച്ചിട്ടുണ്ടോ? എകെജി സെന്റർ ആക്രമണം മറക്കാറായിട്ടില്ല. ആ കേസും അട്ടിമറിക്കാൻ നോക്കി.

ഞാനുമായി ബന്ധപ്പെട്ട ഒരു സഖാവും ശശിയെപ്പറ്റി നല്ല വാക്ക് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് ഇവനെ കെട്ടിപ്പിടിച്ചു കിടക്കുന്നത്?. നമ്മളോടൊന്നും സംസാരിക്കാറില്ലെന്നാണ് ഒരു വലിയ നേതാവ് പറഞ്ഞത്. അജിത് കുമാറും ശശിയും മാത്രം മതി മുഖ്യമന്ത്രിക്ക്.

ഈ പാർട്ടി ഇവിടെ നിലനിൽക്കണം. ഒരു റിയാസ് മതിയോ എന്ന് സഖാക്കൾ ആലോചിക്കട്ടെ. എന്തേ പാർട്ടിക്ക് ഇടപെടാൻ സാധിക്കാത്തത്? കേരളത്തിലെ പ്രിയപ്പെട്ട സഖാക്കൾക്ക് പാർട്ടിക്ക് കൊടുത്ത കത്തിന്റെ കോപ്പി ഞാൻ തരും. പ്രിയപ്പെട്ട സഖാക്കൾ പരിശോധിക്ക്, എന്നിട്ട് നിങ്ങൾ കല്ലെറിയ്. പുത്തൻവീട്ടിൽ ഷൗക്കത്തലിയുടെ മകൻ പുത്തൻവീട്ടിൽ അൻവർ ഇതുകൊണ്ട് ആളാവനല്ല വന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് നിൽക്കുന്നത് ഒരു അഗ്നിപർവത്തിന്റെ മുകളിലാണ്. കെട്ടവരുടെ കൈയ്യിൽ നിന്ന് നല്ലവരുടെ കൈയ്യിലേക്ക് ഈ പാർട്ടി വന്നേക്കാം.

മുഖ്യമന്ത്രി അറിവില്ലാതെ ഈ തോന്ന്യവാസം നടക്കുമോ? പബ്ലിക്ക് ആയിട്ടല്ലേ കരിപ്പുരിൽ നിന്നും അടിച്ചുകൊണ്ടുപോകുന്നത്. കേരളത്തിൽ ഒരു റിയാസിനെ മാത്രം നിലനിർത്താനാണോ പാർട്ടി. പാർട്ടി എന്നു പറയുന്നത് പാർട്ടി സഖാക്കളാണ്. അതിനു മുകളിലുള്ള മേൽക്കൂര മാത്രമാണ് പാർട്ടി നേതാക്കൾ. ഇപ്പോഴുള്ള നേതാക്കളൊക്കെ സൂപ്പർ നേതാക്കളാണ്. കാലിൽ കൂച്ചുവിലങ്ങുണ്ട്.

മുഖ്യമന്ത്രിയോട് പരിപൂർണമായും ബഹുമാനമുണ്ട്. മക്കളെ തള്ളിപ്പറയും. ഓന് കുറച്ച് മൂപ്പ് അധികമാണെന്ന് പറഞ്ഞാൽ സമ്മതിക്കാം. കള്ളനാക്കാൻ നോക്കിയാൽ‌… പിന്നെ ഭീഷണിപ്പെടുത്തുകയാണ്. ഗവർണർ, അൻവറിനെപ്പറ്റി അന്വേഷിക്കാനല്ല കത്ത് നൽകിയത്. ഞാൻ പോകുമെന്ന് കരുതിയെങ്കിൽ മുഖ്യമന്ത്രിക്ക് തെറ്റിപ്പോയി. ഉമ്മാക്കി കാണിക്കാൻ ആരും വരേണ്ട. ഞാൻ ഈ ഭൂമിയിൽ ആരോടെങ്കിലും കീഴ്പ്പെടുന്നുണ്ടെങ്കിൽ ദൈവത്തിനും പാവപ്പെട്ട മനുഷ്യർക്കും വേണ്ടിയായിരിക്കും.

അഡ്ജസ്റ്റ്മെന്റുകൾ പഞ്ചായത്ത് തലം വരെ എത്തിയിട്ടുണ്ട്. ഇനി ബ്രാഞ്ച് തലത്തിലേക്കേ എത്താനുള്ളൂ. ഞാൻ കാവൽക്കാരനാണ്. പാർട്ടിയിൽ കയറിയിട്ടില്ല. എന്റെ പണി സെക്യൂരിറ്റി പണിയാണ്. സെക്യൂരിറ്റി പണിയിൽ നിന്നും പിരിച്ചുവിട്ടാൽ റോഡിൽ ഇറങ്ങിനിൽക്കും. എഡിജിപി പൂരം കലക്കിയ വിവരം മുഖ്യമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തിനു പാർട്ടി സെക്രട്ടറിയോട് ചോദിക്കാനായിരുന്നു അൻവറിന്റെ മറുപടി. ഒരു വ്യക്തിക്ക് വേണ്ടി ഈ പാർട്ടിയെ ബലി കൊടുക്കരുത്. ഒരു വ്യക്തി എന്ന് പറഞ്ഞത് മുഹമ്മദ് റിയാസിനെയാണെന്നും അൻവർ ആവർത്തിച്ചു.

ആർക്കാണോ ബിജെപിക്ക് സീറ്റുണ്ടാക്കി കൊടുത്ത് അതിന്റെ സൗകര്യം പറ്റാൻ നോക്കുന്നത് ആ വ്യക്തിയാകും പൂരം കലക്കാൻ‌ എഡിജിപിക്ക് നിർദേശം നൽകിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം.

മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരി ബാലകൃഷ്ണൻ്റെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ കള്ളനാക്കി പേടിപ്പിക്കാൻ നോക്കി. തൃശൂരിലെ പ്രസംഗം കേട്ടില്ലേ. അൻവറിനെ പിടിച്ച് ഉള്ളിലാക്കുമെന്നാണ് പറഞ്ഞത്.പിടിക്കട്ടെ.

ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുന്നുണ്ടെന്നും അൻവർ പറഞ്ഞു.