വയനാട് മണ്ഡലം: അവസാന വാക്ക് സോണിയ പറയും

കൊച്ചി : കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്, റായ് ബറേലി ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നൊഴിയുമ്പോൾ അവിടെ പ്രിയങ്കാ ഗാന്ധി മൽസരിക്കണോ എന്ന കാര്യത്തിൽ സോണിയ ഗാന്ധിയുടെ നിലപാട് നിർണയകമാവും.കുടുംബത്തിൽ നിന്നുള്ള മൂന്നു പേര്‍ ഒരേസമയം പാർലമെന്റിൽ വേണ്ടെന്നാണ് അവരുടെ നിലപാട്.

സോണിയ സമ്മതിച്ചാൽ രാഹുൽ ഗാന്ധി ഒഴിയുന്ന മണ്ഡലത്തിൽ പ്രിയങ്ക സ്ഥാനാർഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽ ഗാന്ധി നാളെ തീരുമാനം അറിയിക്കും.പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്തിയേക്കും.

ഉത്തരേന്ത്യയിൽ പാർട്ടിക്ക് വളർച്ച സാധ്യമാക്കുന്നതിന് രാഹുൽ റായ്ബറേലി നിലനിർത്തണമെന്നായിരുന്നു പ്രവർത്തക സമിതിയിലെ ഭൂരിപക്ഷാഭിപ്രായം.ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരണമെന്ന് പ്രവർത്തകസമിതി യോഗം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയെങ്കിലും ഇക്കാര്യത്തിലും രാഹുൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.