തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐ.മാര്‍ക്ക് നല്‍കിയിരുന്നത് എസ്.ഐ.മാര്‍ക്ക് തിരികെനല്‍കിയേക്കും. ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കിയത് വിജയിച്ചില്ലെന്ന കണ്ടെത്തലുകളെത്തുടര്‍ന്നാണ് ഈ ആലോചന. ഡി.ജി.പി. കെ. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായിരിക്കുന്ന സ്റ്റേഷനുകളില്‍ മൂന്നിലൊന്നില്‍ എസ്.ഐ.മാര്‍ക്ക് തിരികെ ചുമതലനല്‍കും. കേസുകള്‍ താരതമ്യേന കുറവുള്ളവയുടെ ചുമതലയാകും കൈമാറുക. 478 പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ ഇന്‍സ്പെക്ടര്‍മാര്‍ എസ്.എച്ച്.ഒ.മാരായുള്ളത്.
ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരുന്നപ്പോഴാണ് ഇന്‍സ്പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കിയത്. നാനൂറോളം എസ്.ഐ.മാര്‍ക്ക് ഇന്‍സ്പെക്ടര്‍മാരായി സ്ഥാനക്കയറ്റം നല്‍കിയാണ് ആദ്യഘട്ടത്തില്‍ നിയമനംനടന്നത്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ഇന്‍സ്‌പെക്ടര്‍മാര്‍ എത്തിയതോടെ കേസന്വേഷണത്തിന് അവര്‍ക്ക് സമയംകിട്ടാത്ത അവസ്ഥയുണ്ടായി. ഐ.പി.എസ്. അസോസിയേഷന്റെ യോഗത്തിലും ഇന്‍സ്‌പെക്ടര്‍മാരെ എസ്.എ.ച്ച്.ഒ.മാരാക്കിയത് പരാജയമാണെന്ന ആക്ഷേപമുയര്‍ന്നു. ഇതിനുപിന്നാലെയാണ് പ്രത്യേക സമിതിയുണ്ടാക്കി ഇക്കാര്യം പഠിച്ചത്. ഡി.ജി.പി. ടി.കെ. വിനോദ്കുമാര്‍, ഐ.ജി. ഹര്‍ഷിത അത്തല്ലൂരി, എ.ഐ.ജി. ഹരിശങ്കര്‍ എന്നിവരും പഠനസമിതിയിലുണ്ടായിരുന്നു.
സി.ഐ.മാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായശേഷം ക്രമസമാധാനപാലനത്തിന്റെ ചുമതല സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ക്കും കുറ്റാന്വേഷണത്തിന്റെ ചുമതല അതിനുതാഴെയുള്ള സബ് ഇന്‍സ്പെക്ടറുമാണ് വഹിക്കുന്നത്. അതേസമയം ഗുതരമായ ക്രമസമാധാനപ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളുമുണ്ടായാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായ ഇന്‍സ്പെക്ടര്‍മാര്‍ നേരിട്ട് കൈകാര്യംചെയ്യണം. എന്നാല്‍, ഭരണപരമായ തിരക്കുകള്‍ക്കിടെ മിക്കസ്റ്റേഷനുകളിലും ഇതു നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇന്‍സ്പെക്ടര്‍മാരെ എസ്.എച്ച്.ഒ.മാരാക്കിയത് ആവശ്യമായ ചര്‍ച്ചകള്‍ കൂടാതെയാണെന്ന് നേരത്തേതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.