പത്തനംതിട്ട : അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്നു വനിത കായിക താരത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു.
പതിനെട്ടുകാരിയായ വിദ്യാർഥിനിയെ കഴിഞ്ഞ 5 വർഷത്തിനിടെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആരോപണം.2 കേസുകളിലായി 5 പേരെ അറസ്റ്റ് ചെയ്തു.പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. പെണ്‍കുട്ടിയുടെ നഗ്നന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്.
ശിശുക്ഷേമ സമിതിയോടു പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് കേസുകൾ.ഒരു പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്.
പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ ലൈംഗിക ചൂഷണം തുടങ്ങി എന്നാണ് പരാതിയിൽ പറയുന്നത്. കാര്യങ്ങൾ വെളിപ്പെടുത്താൻ 18കാരിയായ ഇര തയാറായതോടെയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ഗ്രാമീണ മേഖലകളിലെ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണു പെൺകുട്ടി പ്രശ്നങ്ങൾ സൂചിപ്പിച്ചത്. ഗൗരവം മനസ്സിലാക്കിയ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. അങ്ങനെ പെൺകുട്ടിയും അമ്മയും ഹാജരായി.
കുട്ടിക്കു 13 വയസ്സുള്ള സമയത്തു സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് അയാളുടെ സുഹൃത്തുക്കൾ ദുരുപയോഗം ചെയ്തു. പ്രായപൂർത്തിയാകും മുൻപ് ഇരയുടെ നഗ്നചിത്രങ്ങൾ പ്രതികളിൽ ചിലർ കൈവശപ്പെടുത്തി.
കുട്ടിയെ കൗൺസിലിങ്ങിനു വിധേയമാക്കി. 62 പ്രതികളുടെ പേര് കുട്ടി വെളിപ്പെടുത്തിയെന്നാണു സൂചന.മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും ലൈംഗിക ചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.പെൺകുട്ടി ഉപയോഗിച്ചിരുന്ന സെൽ ഫോണിൽ നിന്നാണ് നാൽപതോളം പ്രതികളെ തിരിച്ചറിഞ്ഞത്.
ഉന്നത പൊലീസ് അധികൃതരുടെ മേൽനോട്ടത്തിൽ വിവിധ സ്റ്റേഷനുകളിൽ കേസ് അന്വേഷിക്കും. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ പ്രതികളുണ്ടാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു