April 12, 2025 5:06 pm

പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി; 51,000 പേര്‍ക്ക് തൊഴിൽ

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ 12 പ്രദേശങ്ങളിൽ ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ 1710 ഏക്കര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുക. 3806 കോടി  രൂപയുടെ നിക്ഷേപവും 51,000 പേര്‍ക്ക് തൊഴിലുമാണ് പ്രതീക്ഷിക്കുന്നത്.

റബ്ബര്‍, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍, ഔഷധനിര്‍മ്മാണത്തിനായുള്ള രാസവസ്തുക്കള്‍, സസ്യോത്പന്നങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉത്പന്നങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഹൈടെക് വ്യവസായം എന്നീ മേഖലകള്‍ക്കാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി പ്രാധാന്യം നല്‍കുക.

പാലക്കാട്ട് 3806 കോടി ചെലവില്‍ വ്യവസായ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഔഷധ നിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍ക്കും സസ്യോത്പന്നങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഏക വ്യവസായ സ്മാര്‍ട്ട് സിറ്റിയാണ് പാലക്കാട് വരിക. ഇക്കോ ടൂറിസത്തിനുള്ള സാധ്യതയും ഇവിടെയുണ്ട്. റോഡ്, റെയില്‍, വ്യോമ ഗതാഗതമാര്‍ഗങ്ങളും കൊച്ചി തുറമുഖവും അധികം അകലെയല്ലാതെയുള്ളതും പാലക്കാടിന് അനുകൂല ഘടകമാണ്.

വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി മൂന്ന് റെയില്‍വേ ഇടനാഴികള്‍ക്കും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ആകെ 28,602 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത് എന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News