പോരാട്ടം പാർടിക്ക് വേണ്ടി; പി. ശശിക്ക് എതിരെ ആഞ്ഞടിച്ച് അൻവർ

കൊച്ചി : കമ്മ്യൂണിസ്റ്റ് അടിത്തറ തകർക്കാനാണ് ശ്രമം നടത്തുന്നതെന്ന് ഇടതുമുന്നണി എം എൽ എ: പി.വി അൻവർ പറഞ്ഞു. സി പി എം സംവിധാനത്തിൻ്റെ നിലനിൽപ്പിനായുള്ള പോരാട്ടം ആണ് താൻ നടത്തുന്നതെന്ന് അദ്ദേഹം ഒരു ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പാർട്ടി നല്ല തീരുമാനം എടുക്കുമെനന്ന് വിശ്വസിക്കുന്നു. ആര് പിന്തുണയ്ക്കുന്നു , പിന്തുണയ്ക്കുന്നില്ല എന്നത് തൻ്റെ വിഷയമല്ല. പോലീസിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായി.

പാർട്ടിയിൽ പൂർണ വിശ്വാസമുണ്ട്. സാമൂഹ്യവിപത്ത് തടയാനാണ് ശ്രമിച്ചത്. എഡിജിപി അജിത് കുമാർ കുപ്രസിദ്ധ കുറ്റവാളിയാണ്. ബോധമില്ലാതെയല്ല കുറ്റവാളി എന്ന് വിളിച്ചത്. പൊലീസ് സേനയിൽ‌ പീഡനമുണ്ട്. കീഴ് ഉദ്യോ​ഗസ്ഥരെകൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്നു.ഒരു ഭാ​ഗത്ത് അടിമപ്പണിയാണെങ്കിൽ മറു ഭാ​ഗത്ത് സമ്പൂർണ അഴിഞ്ഞാട്ടമാണ്.

പാർട്ടിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഇടയിൽ ബാരിക്കേഡ് തീർത്താണ് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പ്രവർത്തനം. പൊലീസ് കാരണം വോട്ട് ചോര്‍ച്ചയുണ്ടായി. എല്‍ഡിഎഫിന് 15 ലക്ഷം വോട്ട് നഷ്ടപ്പെട്ടു. ശശിക്ക് കാര്യങ്ങള്‍ മനസിലാകുന്നില്ല. പൊലീസിനെ കയറൂരി വിടരുത്.

തന്റെ ആരോപണങ്ങളിൽ‌ അന്വേഷണം നടക്കട്ടെ. മുൻവിധി വേണ്ട.നിവൃത്തിയില്ലാതെയാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. എഡിജിപിയെ നിലനിർത്തി അന്വേഷിക്കണം. എല്ലാം കാത്തിരുന്ന് കാണാമെന്ന് അൻവർ പറഞ്ഞു.