മലപ്പുറം: ഇനി പിണറായി വിജയനെ അധികാരത്തിൽ നിന്നിറക്കാൻ യു ഡി എഫിനൊപ്പം നിൽക്കുമെന്ന് ഇടതുമുന്നണിയിൽ നിന്ന് ജയിച്ച പി. വി. അൻവർ എം എൽ എ അറിയിച്ചു. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷമാണ് അൻവര്‍ രാത്രി 8.25ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. അദ്ദേഹത്തെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.
നിയമവ്യവസ്ഥിതിയിൽ വിശ്വാസമുണ്ടെന്ന് അൻവര്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്‍റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ട്.
ഇനി ഒറ്റയ്ക്കല്ല, ഒരുമിച്ചുള്ള പോരാട്ടമാണ്. യുഡിഎഫ് നേതാക്കളുടെ അനുകൂല പ്രതികരണത്തിൽ പ്രതീക്ഷയുണ്ട്. വനഭേദഗതി നിയമത്തിനെതിരെ പോരാട്ടം ശക്തമാക്കും. ക്രിസ്ത്യൻ പുരോഹിതൻമാരുടെ പിന്തുണ തേടും. പിണറായിക്കെതിരെയുള്ള യോജിച്ച പോരാട്ടത്തിൽ ആരുമായും സഹകരിക്കും.
വൈകിട്ടോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലിൽ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയിൽ മോചനം വൈകിയത്. രാത്രി 7.45ഓടെയാണ് ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വി.എസ്. മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്.
അതേസമയം, കേസിൽ അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇ എ സുകുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഫ്ഐആറിൽ അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താൻ അൻവറിനെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ വാദം കോടതി തള്ളിയാണ് ജാമ്യം അനുവദിച്ചത്. അൻവർ ജനപ്രതിനിധി ആണെന്നും മണ്ഡലത്തിൽ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി.
സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ല. ഗൂഢാലോചന ആരോപണവും കോടതി തള്ളി. ഗൂഢാലോചന ആരോപണം നിലനിൽക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാൻ കാരണം അല്ലെന്നും കോടതി പറഞ്ഞു.
അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപയുടെ ബോണ്ട് തുക കോടതിയില്‍ കെട്ടിവയ്ക്കണം എന്നീ ജാമ്യ ഉപാധികളോടെയാണ് അൻവര്‍ പുറത്തിറങ്ങുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാനകുറ്റക്യത്യത്തിൽ ഏർപ്പെടരുത്, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണമെന്നും ജാമ്യ ഉപാധിയിൽ പറയുന്നുണ്ട്.