ജീവന് ഭീഷണിയുണ്ട്; തോക്ക് വേണമെന്ന് അൻവർ എംഎൽഎ

മലപ്പുറം: തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ഇടതുമുന്നണി എം എൽ എ :പി. അൻവർ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്കുമാറിനെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിന് അദ്ദേഹം അപേക്ഷ നൽകി.

മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.നാളെ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി. ഞാൻ അത് കൈകാര്യം ചെയ്യും’ എന്നാണ് അൻവർ പറഞ്ഞത്. സോളാ‌ർ കേസ് അട്ടിമറിച്ചതിലും അജിത് കുമാറിന് പങ്കുണ്ടെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, അന്‍വറുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയ പത്തനംതിട്ട എസ് പി എസ് സുജിത് ദാസിനെ സംസ്ഥാന പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. ആഭ്യന്തരവകുപ്പ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി: അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു.