April 13, 2025 1:51 am

കോൺഗ്രസ് പുറത്താക്കി; ചെങ്കൊടി തണലിൽ സരിൻ സ്ഥാനാർഥി

തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ആയിരുന്ന പി സരിനെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയാക്കും.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സരിനെ കോണ്‍ഗ്രസ് പുറത്താക്കിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു സി പി എം. കെ. കരുണാകരനോടും എ.കെ. ആൻ്റണിയോടും കൂട്ടുകുടാമെങ്കിൽ സരിന് എന്ത് അയിത്തം കൽപ്പിക്കണം എന്നായിരുന്നു സി പി എം കേന്ദ്ര സമിതി അംഗം എ കെ ബാലൻ്റെ ചോദ്യം.

ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ സരിനെതിരെ നടപടി സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് പുറത്താക്കൽ.രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയാണ് സരിൻ രം​ഗത്തെത്തിയത്.

അതേസമയം താൻ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്.

സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സിപിഎം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബിജെപിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട്‌ മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.

സരിനെ പിന്തുണക്കാൻ തന്നെയായിരുന്നു സിപിഎം തീരുമാനം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റും തീരുമാനമെടുത്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കോൺ​ഗ്രസിനോട് ഇടഞ്ഞ സരിൻ സിപിഎം നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News