മഞ്ചേരി ഗ്രീന്‍വാലി അക്കാഡമി പൂട്ടി എന്‍ഐഎ

In Editors Pick, കേരളം
August 02, 2023

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലെ കേന്ദ്രമായ കാരാപറമ്പ് ഗ്രീന്‍വാലി അക്കാഡമി എന്‍.ഐ.എ കണ്ടുകെട്ടി. ഇവിടെ ആയുധ പരിശീലനം നടത്തിയിരുന്നതായും കൊലക്കേസ് പ്രതികള്‍ക്ക് അഭയം നല്‍കിയിരുന്നതായും കണ്ടെത്തിയിരുന്നു. 10 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍വാലി അക്കാഡമി യു.എ.പി.എ പ്രകാരമാണ് കണ്ടുകെട്ടിയത്.

എന്‍.ഐ.എ കൊച്ചി യൂണിറ്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച വൈകിട്ട് സ്ഥലത്തെത്തി നടപടിക്ക് നേതൃത്വം നല്‍കി. സ്ഥാവര ജംഗമ വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് എന്‍.ഐ.എ നോട്ടീസ് പതിച്ചിട്ടുമുണ്ട്. ഇവിടെ സ്‌ഫോടക വസ്തുക്കളടക്കം പരീക്ഷിച്ചിരുന്നതായാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. എന്‍.ഐ.എ പിടിച്ചെടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ആറാമത്തെ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണിത്.

പെരിയാര്‍വാലി, വള്ളുവനാട് ഹൗസ്, മലബാര്‍ ഹൗസ്, കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ്, ട്രിവാന്‍ഡ്രം എഡ്യൂക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിവയാണ് നേരത്തെ കണ്ടുകെട്ടിയത്.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. അക്കാഡമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും ലഘുലേഖകളും മൊബൈല്‍ ഫോണുകളും അന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.