തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തില്‍നിന്ന് കണ്ടെത്തിയ ഗോപന്‍സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം ജീർണിച്ച നിലയിലല്ല. അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് വെച്ച് തന്നെ നടത്താമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം. അതിനാൽ ഫോറൻസിക് സർജൻ അടക്കം സംഘവും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അഴുകിയിട്ടില്ലാത്തതിനാൽ ഫോറൻസിക് സംഘം മടങ്ങി.
കല്ലറയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ട്. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ച നിലയിലാണ്. പുറകിലുള്ള ഭിത്തി കോൺക്രീറ്റിൽ തീർത്തതാണ്.
മൃതദേഹം പുറത്തെടുക്കുന്ന വേളയിൽ കുടുംബം സ്ഥലത്തേക്ക് വന്നിരുന്നില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം മകനെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് എത്തിച്ചു. മൃതദേഹം ഏറ്റെടുക്കുമെന്ന് കുടുംബം അറിയിച്ചു.
കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറുകയായിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. .
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും.