ബാങ്ക് ക്രമക്കേട്: 16 ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടും

കൊച്ചി : മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി പി കെ കെ ബാവ അടക്കം 16 ലീഗ് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുമെന്നു കാണിച്ച്‌ ആദായനികുതി വകുപ്പ് നോട്ടീസ് നൽകി.

ബാങ്കിലെ നിക്ഷേപത്തിന് ആദായ നികുതിയും പിഴയും അടക്കണം. നികുതിയും കുടിശ്ശികയും ഉടന്‍ അടച്ചില്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കഴിഞ്ഞദിവസം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) ഹൈക്കോടതി നോട്ടീസ് നല്‍കിയിരുന്നു. നാലാഴ്ചക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പരാതികളില്‍ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസല്‍ നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയത്. 156 വ്യാജവിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹരജിക്കാരന്‍ ആരോപിക്കുന്നത്.

യഥാര്‍ഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് മാനേജര്‍ പ്രസാദ് നേരത്തെ ഇഡിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഹരജിക്കാരന്‍ പറയുന്നത്.