തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ ,എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നു.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കുക.
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവ സംബന്ധിച്ച് അജിത്കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്.
വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണവുമുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് വിവിധ സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാര്‍ശ നല്‍കിയത്.
കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്‌പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയില്‍ വിശദീകരിച്ചു.
അനധികൃത സ്വത്ത് ആരോപണത്തില്‍ വിജിലന്‍സ് അടുത്തുതന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നാണു വിവരം. എന്നാല്‍ ആര്‍എസ്എസ് കൂടിക്കാഴ്ച സ്വകാര്യമെന്ന അജിത്കുമാറിന്റെ വാദം തള്ളിയും സര്‍വീസ് ചട്ടലംഘനമെന്ന സൂചന നല്‍കിയും ഡിജിപി എസ്.ദര്‍വേഷ് സാഹിബ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വച്ചിരുന്നു.