December 22, 2024 5:43 pm

അജിത് കുമാറിന് വിജിലൻസിൻ്റെ ക്ലീൻ ചിട്ട്

തിരുവനന്തപുരം: ഡി ജി പി പട്ടികയിലേക്ക് മന്ത്രിസഭാ യോഗം ശുപാർശ ചെയ്ത എഡിജിപി എം.ആർ. അജിത് കുമാറിന് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തിയെന്ന് സൂചന.അന്തിമ റിപ്പോർട്ട് ഡിജിപിക്ക് രണ്ടാഴ്ചയ്ക്കകം കൈമാറും.

ഇടതു മുന്നണി എം എൽ എ ആയിരുന്ന പി വി അൻവർ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

അനധികൃത സ്വത്ത് സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീട് നിർമ്മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വില്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരമുറി എന്നീ ആരോപണങ്ങളാണ് എൽ ഡി എഫിൽ നിന്ന് പുറത്ത് പോയ അൻവർ ഉന്നയിച്ചിരുന്നത്.

സ്വർണ്ണ കടത്തുമായി ബന്ധപ്പെടുന്ന ഒരു തെളിവും അജിത് കുമാറിനെതിരെ കണ്ടെത്താനായില്ലെന്നും ഫ്ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നും വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നു.

കവടിയാറിലെ വീട് നിർമ്മാണം ബാങ്ക് വായ്പയെടുത്താണെന്നും ഈ വിവരം സ്വത്ത് വിവരണ പട്ടികയിൽ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ആരോപണങ്ങളെ പ്പററി സംസ്ഥാന പോലീസ് മേധാവിയും അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം തീരുമാനിച്ചത്.

വിജിലൻസ് അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നില്ലെന്ന് അൻവർ ആരോപിച്ചു.പൊലീസിലെ ക്രിമിനൽ സംഘം അജിത് കുമാറിനൊപ്പം ഉണ്ട്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചതിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഏറ്റവും നല്ല ഓഫീസറാണ്
അജിത് കുമാർ എന്നായിരുന്നു.

അജിത് കുമാർ മുഖ്യമന്ത്രിയുടെ പൊന്നും കട്ടയാണ്. മുഖ്യമന്ത്രിയുടെ പൊളിററിക്കൽ സെക്രട്ടറി പി.ശശിയും അജിത് കുമാറും മുഖ്യമന്ത്രിയും ഒരുമിക്കുമ്പോൾ ഒരന്വേഷണവും എങ്ങുമെത്തില്ലെന്നും അദ്ദേഹം പറഞ്ഞു.അജിത് കുമാറിനെതിരെ കൈവശം ഉണ്ടായിരുന്ന തെളിവുകൾ വിജിലൻസിന് നൽകിയിട്ടുണ്ട്. ബാക്കി തെളിവുകൾ കോടതിയിൽ നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News