‘മലയാള സിനിമയിൽ സ്ത്രീ പീഡകരുടെ തേർവാഴ്ച’

കൊച്ചി : മലയാള സിനിമ വ്യവസായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി ഹൈക്കോടതി സിം​ഗിൾ ‍‍ബെഞ്ചിൽ സമർപ്പിച്ച ഹർജിയും തള്ളിയതോടെ റിപ്പോർട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. ചൊവ്വാഴ്ച അവധിയായതിനാൽകൂടിയാണ് റിപ്പോർട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്. ലൈംഗിക ചൂഷണകഥകള്‍ കേട്ട് ഞെട്ടിയെന്ന് കമ്മിറ്റി പറയുന്നു.

233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.

സിനിമ മേഖലയിലെ ആരുടെയും പേരുവിവരങ്ങള്‍ ഇല്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  ഉടന്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍

അമ്പത്തിയൊന്ന് പേരാണ് മൊഴി നൽകിയത്. പല തരത്തിലുള്ള ഇടനിലക്കാർ സെറ്റുകളിലുണ്ടെന്ന് മൊഴി നൽകിയവരുണ്ട്. മേഖലയിൽ അടിമുടി സ്ത്രീ വിരുദ്ധതയുണ്ട്. നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. നടിമാർ മാത്രമല്ല, രക്ഷിതാക്കളും ബന്ധുക്കളും വഴങ്ങേണ്ടിവരുന്നുവെന്നും മൊഴി നൽകിയവരുണ്ട്.

സിനിമയിൽ ആൺ മേൽക്കൊയ്മ നിലനിൽക്കുന്നു. സിനിമ മേഖലയിലുള്ള കാസ്റ്റിംഗ് കൗച്ച് യഥാർത്ഥ്യമാണെന്നും ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ നടിമാർക്ക് ഭയമാണെന്ന മൊഴിയും റിപ്പോർട്ടിലുണ്ട്. മിക്ക നടിമാരും മാതാപിതാക്കൾക്കൊപ്പമാണ് ഹോട്ടൽ മുറിയിൽ കഴിയുക.

പല നടിമാരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി, പോസ്കോ നിയമ പ്രകാരം കേസെടുക്കേണ്ട സാഹചര്യം വരെയുണ്ടായി. സിനിമയിൽ നിന്ന് ഒഴിവാക്കപ്പടുമെന്ന ഭീതി കാരണമാണ് പലരും ഇതേക്കുറിച്ച് തുറന്നു പറയാത്തത്. കേസിന് പോയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം. കോടതിയെയോ പൊലീസിനെയോ സമീപിച്ചാൽ ജീവന് തന്നെ ഭീഷണിയുണ്ടായേക്കുമെന്ന ഭയം നടിമാർക്കുണ്ട്.

ആർത്തവ കാലത്ത് നടിമാർ സെറ്റുകളിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പാഡ് മാറ്റാൻ പോലും സെറ്റിൽ സൗകര്യമുണ്ടാകില്ല. മൂത്രമൊഴിക്കാൻ സാധിക്കാതെ മണിക്കൂറുകളോളം സെറ്റിൽ കുടുങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടിമാരിൽ പലർക്കും മൂത്ര സംബന്ധമായ അസുഖങ്ങൾ നേരിടുന്നുണ്ട്. പ്രൊഡക്ഷൻ യൂണിറ്റിലുള്ളവർ ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീകളെ അനുവദിക്കുന്നില്ലെന്നും മൊഴിയുണ്ട്.

ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങുന്നവർക്ക് മാത്രം നല്ല ഭക്ഷണം നൽകുമെന്നും നടിമാരിലൊരാൾ മൊഴി നൽകിയിട്ടുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം.

സഹകരിക്കുന്നവർക്ക് ‘കോർപറേറ്റീവ് ആർട്ടിസ്റ്റ്’ എന്ന കോഡ് പേരാണ് നൽകുന്നത്. വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കും.വനിതാ പ്രൊഡ്യൂസർമാരെ നടന്മാരും സംവിധായകരും അവഹേളിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ടൈറ്റിൽ കഥാപാത്രം അഭിനയിക്കാനെത്തിയ നടി, ഇന്റിമേറ്റ് സീനുകളുണ്ടെങ്കിൽ അറിയിക്കണമെന്ന് സംവിധായകനോട് പറഞ്ഞിരുന്നെങ്കിലും അയാൾ ചെയ്തില്ല. ഷൂട്ടിംഗിന് ചെന്നപ്പോൾ തനിക്ക് അനുവദിക്കാൻ കഴിയുന്നതിലുമധികം ദൃശ്യങ്ങൾ ഉണ്ടായി. ഒടുവിൽ മടുത്ത് അവിടെ നിന്ന് ഇറങ്ങുമ്പോൾ സമ്മതമില്ലാതെ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങണമെന്നായിരുന്നു മറുപടി.

പരാതി പറയുന്ന നടിമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. പരാതി പറഞ്ഞ നടിമാർക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന നടന്മാരുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെയോ മറ്റ് പരാതിയുമായി സമീപിച്ചാലുണ്ടാകുന്ന പരിണിത ഫലം ഭീകരമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

നടിമാരുടെയും കുടുംബാംഗങ്ങളുടെയും ജീവന് വരെ ഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കടന്നെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പരാതി കൊടുത്ത ഒരു നടി വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ വരെ അയച്ചുകൊടുത്ത് അവരെ തളർത്തുന്ന നടന്മാർ വരെ മലയാള സിനിമയിലുണ്ടെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

അടിസ്ഥാനമായ മനുഷ്യാവകാശങ്ങൾ പോലും സ്ത്രീകൾക്ക് മലയാള സിനിമയിൽ ലഭിക്കുന്നില്ല എന്ന വ്യക്തമാക്കുന്ന പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. വസ്ത്രം മാറാനുള്ള മുറിയില്ല. പ്രാഥമിക ആവശ്യം പോലും നിറവേറ്റാനുള്ള സൗകര്യം സിനിമ സെറ്റുകളിൽ ഉണ്ടാകാറില്ലെന്ന വിമർശനം കൂടി ഉയരുന്നുണ്ട്. മലയാള സിനിമയിലെ താരരാജാക്കന്മാർക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങളൊന്നും ഒറ്റൊരു നടിക്ക് പോലും ലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട കേസല്ല. പുറത്തുവന്നത് ഒന്നാണെന്ന് മാത്രമാണെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. അവസരം തേടുമ്പോൾ ശരീരം ചോദിക്കുന്നു. നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറക്കാൻ വിസമ്മതിച്ചാൽ വാതിൽ ശക്തിയായി മുട്ടും. വാതിൽ പൊളിച്ചുവരുമോയെന്ന് നടിമാർക്ക് ഭയം. കുടുംബത്തെ കൂടെക്കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഫോൺ വഴിയും മോശം പെരുമാറുന്നുണ്ട്.

അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി മൊഴി നൽകിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെപ്പോലും ചൂഷണം ചെയ്യുന്നു. ചെറിയ പെൺകുട്ടികളെപ്പോലും ഉപദ്രവിക്കുന്നു. ജീവഭയം മൂലമാണ് പരാതി നൽകാത്തത്. സ്ത്രീകളോട് പ്രാകൃത പെരുമാറ്റമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലുമില്ല. പല സെറ്റുകളിലും ടോയ്ലറ്റ് സൗകര്യം പോലുമില്ല. മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് വെള്ളം കുടിക്കാതെ നിൽക്കും. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാൽ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും. നായികമാർ ഒഴികെയുള്ളവർക്ക് കാരവാൻ ഇല്ല. സിനിമയിൽ പുറമെയുള്ള തിളക്കം മാത്രമേയുള്ളൂ.

പുരുഷന്‍മാരായ എല്ലാ സിനിമാപ്രവര്‍ത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമായി പറയുന്നു. സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവര്‍ത്തകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവര്‍ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുന്നു.

തന്റെ സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. അവരുടെ സെറ്റുകളില്‍ എല്ലാവരും അച്ചടക്കത്തോടെയാണ് പെരുമാറുന്നത്.

ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റില്‍ നില്‍ക്കാന്‍ അനുവദിക്കൂ. മാത്രവുമല്ല മറ്റുള്ളവര്‍ കാണാതെ സെറ്റ് കവര്‍ ചെയ്യും. അത് അഭിനയിക്കുന്നവരില്‍ കൂടതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കും. സിനിമയിലെ വ്യത്യസ്ത ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പുരുഷന്‍മാര്‍ സൗഹാര്‍ദ്ദത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറുന്നത്. അങ്ങനെ ഒരുപാട് നല്ല സിനിമാപ്രവര്‍ത്തകര്‍ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ട്.

പുതിയ തലമുറയിലെയും പലതലമുറയിലെയും സ്ത്രീകളും പുരുഷന്‍മാരുമായ സിനിമാപ്രവര്‍ത്തകരുമായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസാരിക്കുകയുണ്ടായി. സിനിമുടെ ആദ്യകാലം മുതല്‍ തന്നെ സ്ത്രീകള്‍ നിരവധിപ്രശ്‌നങ്ങള്‍ നേരിടുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതല്‍ തന്നെ. ഇത്തരം വിഷയങ്ങളില്‍ ഇടപെടാനും നിയന്ത്രണം ഏറ്റെടുക്കാനും പ്രത്യേക അധികാര കേന്ദമില്ലാത്തതും ഒരു പോരായ്മയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.