ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെക്കാൻ കോടതി ഉത്തരവ്

കൊച്ചി: സി പി എമ്മിൻ്റെ മുതിർന്ന നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കൾ തമ്മിൽ തർക്കം. പള്ളിയിൽ സംസ്കരിക്കണമെന്ന് മകൾ ആശ ലോറൻസ്. കോളേജിന് വിട്ടു കൊടുക്കണമെന്ന് മററു മക്കൾ.

പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളജിന് കൈമാറുന്ന കാര്യത്തിൽ മക്കളുടെ അനുമതികൾ പരിശോധിച്ചതിനു ശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. അതുവരെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിക്കാനും നിർദേശം.

മൃതദേഹം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേരള അനാട്ടമി നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും ക്രിസ്ത്യൻ മതാചാര പ്രകാരം സംസ്കരിക്കണമെന്നും ആവശ്യപ്പെട്ട് ഇളയ മകൾ ആശ ലോറൻസാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യത്തിൽ നിർദേശം നൽകിയത്.

പിതാവ് ക്രൈസ്തവ സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയിൽ വച്ചാണെന്നും  ആശാ ലോറൻസ് ഹർജിയിൽ ബോധിപ്പിച്ചിരുന്നു. ലോറൻസിന്റെ എല്ലാ മക്കളുടെയും ‍മാമോദീസ നടന്നത് പള്ളിയിൽ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്. കമ്യൂണിസ്റ്റ് പാർട്ടി അംഗമാണെങ്കിലും മതത്തെയോ മതവിശ്വാസത്തെയോ പിതാവ് തള്ളിപ്പറഞ്ഞിട്ടില്ലെന്നും അവർ പറയുന്നു.

പിതാവ് പ്രകടിപ്പിച്ച ആഗ്രഹത്തെ തുടർന്നാണ് മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാൻ മറ്റു 2 മക്കളും തീരുമാനിച്ചതെന്ന് മകൻ അഡ്വ. എം.എൽ.സജീവൻ വ്യക്തമാക്കി.