തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലെനിൽ വ്യാജ ലോട്ടറി വില്പന നടത്തുന്ന 60 ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് പോലീസ് ആവശ്യപ്പെട്ടു.
ഇത്തരം ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫെയിലുകളും 20 വെബ്സെററുകളും കണ്ടെത്തി.
ഓണ്‍ലൈൻ ചൂതാട്ടം നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും തട്ടിപ്പ് യഥേഷ്ടം നടക്കുന്നു. തട്ടിപ്പിന് പിന്നില്‍ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബറിൻ്റെ വ്യാജനാണ് ഓണ്‍ലൈനിലൂടെ വിറ്റഴിക്കുന്നത്. കേരള ലോട്ടറി ടിക്കററ് കടലാസ് രൂപത്തില്‍ മാത്രമേ പുറത്തിറക്കുന്നുള്ളൂ. ഓണ്‍ലൈൻ വില്പനയില്ല.
കേരള ലോട്ടറി, കേരള മെഗാ മില്യണ്‍ ലോട്ടറി എന്നീ പേരുകളില്‍ ആപ്പ് തയ്യാറാക്കിയാണ് തട്ടിപ്പ്. പത്തുലക്ഷത്തിലധികം പേർ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇഷ്ടമുള്ള നമ്പർ നല്‍കിയാല്‍ അതനുസരിച്ച് ടിക്കറ്റ് നല്‍കും. 25 ടിക്കറ്റുവരെ ഒറ്റ ക്ലിക്കില്‍ എടുക്കാമെന്ന വാഗ്ദാനവുമുണ്ട്.
ഓണം ബംബറിന്റെ വിലയായ അഞ്ഞൂറു രൂപയാണ് ഒരു ടിക്കറ്റിന് ഓണ്‍ലൈൻ വ്യാജനും ഈടാക്കുന്നത്. ഓണ്‍ലൈൻ ലോട്ടറി അടിച്ചാല്‍ നികുതിപിടിക്കാതെ മുഴുവൻ പണവും നേരിട്ട് അക്കൗണ്ടില്‍ ഉടൻ ലഭ്യമാക്കുമെന്നാണ് വാഗ്ദാനം.