തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നതിന് മുമ്പ് ആനുകൂല്യങ്ങൾ വാരിവിത
റി സംസ്ഥാന സർക്കാർ.
സർക്കാർ ജീവനക്കാർക്ക് 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്ത ജീവനക്കാർക്കും ആനുകൂല്യം പണമായി നൽകാനും മറ്റുള്ളവർക്ക് പി എഫിൽ ലയിപ്പിക്കാനുമാണ് തീരുമാനം.
റബറിന്റെ താങ്ങുവിലയും വർധിപ്പിച്ചു. പത്ത് രൂപയാണ് വർദ്ധനവ്. ഫെബ്രുവരിയിൽ റബറിന് മാറ്റി വയ്ക്കുന്ന സാമ്പത്തിക പാക്കേജിൽ 23 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാരും തീരുമാനിച്ചിരുന്നു. 576.48 കോടി രൂപയുണ്ടായിരുന്നതിൽ നിന്ന്, 708.69 കോടിയായി സാമ്പത്തിക പാക്കേജ് വർധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റബറിന് ഒരു കിലോയ്ക്ക് 5 രൂപ ഇൻസെന്റീവ് നൽകാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
റബറിന് നിലവില്‍ 170 രൂപയാണ് താങ്ങുവില. പത്ത് രൂപ വർധിപ്പിച്ച് അത് 180 ആക്കും. ക്ഷേമപെൻഷൻ കുടിശ്ശികയായത് ഇടതുമുന്നണിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ പ്രതിബന്ധമായി നിലനിന്നിരുന്ന കാര്യമാണ്. അതിനും താൽക്കാലിക പരിഹാരം സർക്കാർ കണ്ടെത്തി. രണ്ടു മാസത്തെ ക്ഷേമ പെൻഷനുകൾവിതരണം ചെയ്യുകയാണിപ്പോൾ.