കൊച്ചി: വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ട്.
ഉരുള്‍പൊട്ടൽ ദുരന്ത കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചതാണെന്ന് വ്യക്തമാക്കുന്ന് റിപ്പോർട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നു. വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചത് എന്ന് റിപ്പോർട്ട് പറയുന്നു.
പുനരധിവാസ പ്രവർത്തികൾ വേഗത്തിലാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഈ നടപടി.
ക്യാമ്പുകളിൽ നിന്ന് ദുരിതബാധിതരെ ഒരാഴ്‌ചക്കുളിൽ മാറ്റി താമസിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.മാറ്റിപാർപ്പിക്കാൻ വീടുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ ഏറ്റെടുത്ത് സൗകര്യമൊരുക്കാം. ദുരിത ബാധിതരുടെ ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞു. ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്നും ഇഎംഐ പിടിച്ചാൽ അക്കാര്യം അറിയിക്കാനും കോടതി നിർദേശം നൽകി. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടി ഉണ്ടാകും.
ഗാഡ്‌ഗിൽ – കസ്‌തൂരി രംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പ് നിർമാണത്തിനെതിരാണ്. അതിനാൽ ടൗൺഷിപ്പിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് കൃത്യമായ വിശദംശങ്ങൾ ഹൈക്കോടതിയെ അറിയിക്കണമെന്നും ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരാത്തെ, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ദുരന്തമേഖലയിലെ തുടർപ്രവർത്തനങ്ങൾ.
ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ് ദുരന്തമേഖല പരിശോധിച്ചത്. പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി പറഞ്ഞിരുന്നു.