തെരച്ചിൽ 240 ഓളം പേർക്കായി; മരണം 296

കല്പററ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുകയാണ്. മരണം 296 ആയി.

മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240 ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. മൂന്നാം ദിവസവും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നുണ്ട്. നിലമ്പൂർ പോത്തുകല്ലിലും ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീര ഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെടുത്തു.

രാവിലെ തുടങ്ങിയ തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.കെട്ടിട അവശിഷ്ടങ്ങൾ യന്ത്ര സഹായത്തോടെ നീക്കിയാണ് പരിശോധന.

ജില്ലയിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്.

കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് സൈന്യം. നിർമാണം അവസാനഘട്ടത്തിലാണ്.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലും ചുരല്‍മലയിലും കനത്ത മഴയെ തുടർന്ന് രക്ഷാപ്രവര്‍ത്തകർ തിരിച്ചിറങ്ങുകയാണ്.ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ പെയ്യുകയാണ്.

ചൂരല്‍മലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയിലി പാലം കണ്ടു.

പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും അവർ സന്ദർശിക്കും.

ഇതിനിടെ, ബന്ദിപ്പൂർ വഴിയുള്ള രാത്രി യാത്രയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ തള്ളി. ദുരിതാശ്വാസ പ്രവർത്തനത്തിന് ആളുകൾക്ക് എത്തുന്നതിനും, സാധനങ്ങൾ കൊണ്ട് വരുന്നതിനും ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് തള്ളിയത്.കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് ആണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.