മിച്ചഭൂമിക്കേസ്: എംഎൽഎ അൻവറിന് തിരിച്ചടി

തിരുവനന്തപുരം : ഇടതുമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പി. വി. അൻവറിൻ്റെ കൈവശമുള്ള 15 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നു താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഭൂപരിധി നിയമം മറികടക്കാനായി അന്‍വര്‍ ക്രമക്കേട് കാട്ടിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാനായി രേഖ നിര്‍മിച്ചു.
പിവിആര്‍ എന്റര്‍ടെയിന്‍മെന്റ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാനാണെന്നും റിപ്പോർട്ട് പറയുന്നു. അന്‍വറിന്റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം തുടങ്ങിയതില്‍ ചട്ടലംഘനമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട് സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാന്‍ ഏഴു ദിവസം അനുവദിച്ചിട്ടുണ്ട്.അൻവർ, ഒന്നാംഭാര്യ ഷീജ അൻവർ, രണ്ടാം ഭാര്യ അഫ്സത്ത് അൻവർ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങള്‍ക്കെതിരെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്

അൻവറിനെതിരായ മിച്ചഭൂമി കേസിന്റെ നടപടികൾ ഹൈക്കോടതിയിൽ തുടരുന്നതിനിടയിൽ ആണ് ഈ റിപ്പോർട്ട് പുറത്തു വന്നത്.

അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി പരാതിക്കാരനായ പി.വി. ഷാജി ലാന്‍ഡ് ബോർഡിനു കൂടുതൽ തെളിവുകൾ സമർപ്പിച്ചിരുന്നു.

34.37 ഏക്കർ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം 19.26 ഏക്കർ അധികമുള്ളതായി കണ്ടെത്തിയത്.