സ്ഥാനാർഥി നിർണയം; പാലക്കാട് കോൺഗ്രസിൽ കലാപം

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്  ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി.

സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധന വേണമെന്ന് എ.ഐ സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിൻ അറിയിച്ചു.
പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താൻ ഇനിയും സമയമുണ്ട് എന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

സരിന്റെ വിമർശനം അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തി .സരിൻ ചോദ്യം ചെയ്തത് എഐസിസി തീരുമാനമാണ്. സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയേണ്ടിയിരുന്നു എന്നാണ് കെപിസിസി കരുതുന്നത്.

പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത് എന്നാണ് സരിൻ പറയുന്നത്.വഴങ്ങിയാൽ ഹരിയാന ആവർത്തിക്കും. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണം. കോൺഗ്രസിൻ്റെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വ്യക്തമാക്കി.

തീരുമനം തിരുത്തിയില്ലെങ്കിൽ പാലക്കാട് തോൽക്കുക രാഹുൽ മാങ്കൂട്ടത്തിലല്ല രാഹുൽ ഗാന്ധിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണ്.

കോൺഗ്രസ് നേതൃത്വം കാണിക്കുന്നത് തോന്നിവാസമാണെന്നും സരിൻ കുറ്റപ്പെടുത്തി. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ.പാർട്ടി തീരുമാനങ്ങളുടെ രീതി മാറിയെന്നും സരിൻ കുറ്റപ്പെടുത്തി. എല്ലാവരും ചേർന്നെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു