തൃശൂര്‍:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പിക്ക് വേണ്ടി കർണാടകത്ത്ല് നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്നത് 41 കോടി 20 ലക്ഷം രൂപയുടെ ഹവാലപ്പണം ആണെന്ന് സൂചന.
സംസ്ഥാന പോലീസിൻ്റെ പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയ വിവരമാണിത്. അവർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ( ഇ ഡി) നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരുകളും ഉൾപ്പെടുന്നു.
കർണാടയിലെ ഒരു വമ്പനാണ് ഈ കുഴൽപ്പണ ആസൂത്രണത്തിനു പിന്നിലെന്ന് പറയുന്നു. ഇ ഡി ഈ റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വീകരിക്കുകയാണെങ്കിൽ സംസ്ഥാനത്തെ പല ബി ജെ പി നേതാക്കളും കുടുങ്ങാൻ സാധ്യതയുണ്ട്.
കള്ളപ്പണം എത്തിച്ചത് കർണാടകയിലെ ബിജെപി എംഎൽഎ ആണെന്ന് . കേസിൽ അറസ്റ്റിലായ ധർമ്മരാജൻ്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയായിരുന്നു.
സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വിതരണം ചെയ്തത് 33.50 കോടി രൂപയാണെന്ന് പറയുന്ന റിപ്പോർട്ടിൽ ഹവാല റൂട്ടുകളുടെ പട്ടികയും പൊലീസ് കൈമാറിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ, സംഘടന സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവർ കള്ളപ്പണം കൈകാര്യം ചെയ്തെന്ന് പൊലീസ് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കള്ളപ്പണ കണക്ക് അന്വേഷിക്കാൻ ഇഡിയോട് ആവശ്യപ്പെട്ടുള്ളതാണ് പൊലീസ് റിപ്പോർട്ട്.
കുഴല്‍പ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ ആണ് ഈ വിഷയം വീണ്ടും ചർച്ചയാവാൻ കാരണം. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു. പണം ചാക്കിൽ കെട്ടിയാണ് കൊണ്ട് വന്നത്. ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ധർമ്മരാജന് മുറി എടുത്ത് കൊടുത്തത് താൻ ആണെന്നും സതീഷ് പറഞ്ഞു. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മെറ്റിരീയൽസ് എന്നാണ് ആദ്യം പറഞ്ഞിരുന്നത്. ചാക്കുകള്‍ കയറ്റാനും മറ്റും താനാണ് സഹായിച്ചത്. പിന്നീടാണ് പണമാണെന്ന് അറിഞ്ഞത്. ഓഫീസിൽ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണ് പണം വെച്ചിരുന്നത്. അതിന് കാവലിരിക്കലായിരുന്നു എന്‍റെ പ്രധാന പണി. പണമാണെന്ന് അറിഞ്ഞപ്പോള്‍ പേടി തോന്നി. പിന്നീട് മുറി പൂട്ടിയാണ് പണം സൂക്ഷിച്ചത്. ലോഡ്ജിൽ മുറിയെടുത്ത് കൊടുത്തശേഷം ധര്‍മരാജും മറ്റുള്ളവരും അങ്ങോട്ട് പോവുകയായിരുന്നു.
ഇതിനുശേഷം പിറ്റേ ദിവസമാണ് പണം കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അറിയുന്നത്. അന്ന് ജില്ല ഓഫീസ് സെക്രട്ടറിയായിരുന്നതിനാൽ പൊലീസിന് ഇത്തരത്തിൽ മൊഴി നല്‍കിയിട്ടില്ല. ഇനി കേസ് വിചാരണക്ക് വരുമ്പോള്‍ യഥാര്‍ത്ഥ സംഭവം പറയും.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതെന്നും കോടതിയിൽ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും തിരൂര്‍ സതീഷ് പറഞ്ഞു കുഴല്‍പ്പണ കേസ് നടക്കുമ്പോള്‍ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്. നിലവില്‍ പാര്‍ട്ടിയിൽ നിന്ന് പുറത്താണ് അദ്ദേഹം.
കേസിൽ തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ സി പി എം ആണെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ ആരോപിച്ചു..സാമ്പത്തിക ക്രമക്കേടടക്കം പരാതികളെ തുടർന്ന് ഏറെ കാലം മുൻപ് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സതീഷിനെ നീക്കിയതിൻ്റെ വൈരാഗ്യം തീർക്കാനാണ് സതീഷ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
എന്തുകൊണ്ട് രണ്ട് വർഷമായി സതീഷ് ഇക്കാര്യം പൊലീസിനോട് പറഞ്ഞില്ല? ഉപതെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് എന്തിനെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് താനോ സുരേന്ദ്രനോ ആ ഓഫീസിൽ ഉണ്ടായിരുന്നില്ല. രണ്ട് പേരും രണ്ട് മണ്ഡലത്തിലായിരുന്നു.ഇതിന് കോൾ രജിസ്റ്റർ തെളിവായുണ്ടെന്നും അനീഷ് പറഞ്ഞു.
കേസിൽ സംസ്ഥാന സർക്കാർ എന്ത് അന്വേഷണവും നടത്തട്ടെയെന്ന് അനീഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ധർമരാജനെ കണ്ടിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാധനങ്ങൾ എടുത്ത് നൽകാൻ വന്ന ആൾക്ക് താമാസ സൗകര്യം ഏർപ്പെടുത്താൻ ഓഫീസ് സെക്രട്ടറിക്ക് അധികാരമുണ്ട്. തെരഞ്ഞെടുപ്പ് സമഗ്രി എത്തിക്കാൻ ചുമതലപ്പെടുത്തിയ ആളാണ് ധർമരാജൻ. നടപടിക്ക് ശേഷം ഇയാൾ ബിജെപി ഓഫീസിൽ ഉണ്ടായിരുന്നില്ലെന്നും അനീഷ് കുമാർ പറഞ്ഞു.