April 12, 2025 12:19 pm

ഒടുവിൽ സസ്പെൻഷൻ: ഗോപാലകൃഷ്ണനും പ്രശാന്തിനും

തിരുവനന്തപുരം: മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ കെ ഗോപാലകൃഷ്ണനേയും എന്‍ പ്രശാന്തിനെയും സസ്പെൻ്റ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ നടത്തിയ പരസ്യപ്പോരാണ് പ്രശാന്തിനെതിരെയും മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദമാണ് കെ ഗോപാലകൃഷ്ണനെതിരെയും ഉള്ള നടപടിക്ക് കാരണം.ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിലാണ് നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്.

പ്രശാന്തിനെതിരായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ,പിണറായി വിജയന് കൈമാറിയിരുന്നു. സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രതികരണങ്ങള്‍ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രശാന്തിന്റെ പരസ്യവിമര്‍ശനത്തിനെതിരെ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.

ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിലാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗോപാലകൃഷ്ണന്റെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമില്ലെന്നും നടപടിയെടുക്കാം എന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നേരത്തെ വാട്സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. വിവാദത്തില്‍ ഗോപാലകൃഷ്ണനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News