കൊച്ചി: മലയാള സിനിമ നടന്മാർക്കും മററും എതിരെ ലൈംഗിക പീഡന പരാതികൾ ഉന്നയിച്ച ആലുവ സ്വദേശിയായ നടി വീണ്ടും കാലുമാറി.പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്നാണ് ഇപ്പോൾ അവരുടെ നിലപാട്.
മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു അടക്കമുള്ള നടന്മാര്‍ക്കെതിരെ നല്‍കിയ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും പോലീസ് നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
കേസില്‍ സര്‍ക്കാരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് നടി നേരത്തെ പറഞ്ഞിരുന്നത്.
നടന്മാരായ എം മുകേഷ് എംഎല്‍എ, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു മാധ്യമങ്ങളിലൂടെ നടി വെളിപ്പെടുത്തല്‍ നടത്തിയത്.
മുകേഷിനെതിരായ നടിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച വാട്ട്‌സാപ്പ് സന്ദേശവും കോടതി ചൂണ്ടിക്കാട്ടി.
2010ല്‍ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറില്‍ പരാതിക്കാരിയുടെ ഫ്‌ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ചാണ് പീഡിപ്പിച്ചതെന്നാണ് നടി പരാതിയില്‍ പറഞ്ഞിരുന്നത്. അന്നുതന്നെ മുകേഷ് തന്നെയാണ് പരാതിക്കാരിയെ കാറില്‍ക്കയറ്റി അവരുടെ ആലുവയിലെ ഫ്‌ളാറ്റില്‍ തിരികെ കൊണ്ടുവിട്ടത്.ഇതില്‍ എവിടെയാണ് നിര്‍ബന്ധിത ലൈംഗിക പീഡനം എന്നതാണ് കോടതി ഉയര്‍ത്തിയ പ്രധാനചോദ്യം.
ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം 2022-ല്‍ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് അവര്‍ മുകേഷിന് വാട്ട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. അതും ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. ഇതെല്ലാം ഈ കേസില്‍ നടി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയാണ്.