മുനമ്പം ഭൂമി പ്രശ്‌നം കോടതി തീരുമാനിക്കട്ടെ: വഖഫ് ബോര്‍ഡ്

കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം കോടതികൾ തീരുമാനിക്കട്ടെ എന്ന് മുസ്ലിം വസ്തുക്കൾ സംരക്ഷിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.

വഖഫ് ബോര്‍ഡ് അര്‍ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച്‌ കോടതികളിലും ബോര്‍ഡിലുമെല്ലാം പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ആ പരിശോധനയുടെ അന്തിമ ഫലം എന്താണോ അതിനനുസരിച്ചാകും ബോര്‍ഡ് പ്രവര്‍ത്തിക്കുക.

മുനമ്പത്തു നിന്നും ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. ഈ വിഷയത്തില്‍ കോടതി തീരുമാനിക്കട്ടെ. വഖഫിന്റെ പ്രവര്‍ത്തനത്തിന് നിയമമുണ്ട്. അതനുസരിച്ച്‌ മുന്നോട്ടു പോകും.

മുനമ്പത്തെ 12 വീട്ടുകാര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇവര്‍ക്ക് അവരുടെ വാദം ഉന്നയിക്കാന്‍ അനുവാദമുണ്ട്. അവര്‍ക്ക് രേഖകള്‍ ഹാജരാക്കാം. ബാക്കിയുള്ളവര്‍ക്കും അപേക്ഷകള്‍ നല്‍കാവുന്നതാണ്. കിട്ടിയ വിവരങ്ങള്‍ അനുസരിച്ചാണ് ആ 12 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

1950 ലെ വഖഫ് ആധാരത്തില്‍ വരുന്ന 400 ല്‍പരം ഭൂമിയാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ള വസ്തു. വഖഫ് ആയിക്കഴിഞ്ഞാല്‍, വഖഫ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഈ വസ്തു സംരക്ഷിക്കാനുള്ള ചുമതലയാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. അതുപ്രകാരമുള്ള പ്രവൃത്തികളാണ് വഖഫ് ചെയ്യുന്നത്. അതുപ്രകാരം ഏതെല്ലാം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു പരിശോധിച്ചിട്ടുള്ള നടപടികളാണ് നടത്തുന്നത്.

വസ്തു കോഴിക്കോട് ഫറൂഖ് കോളജിന്റെ പേരിലാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി, മതം അനുശാസിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അതിന്റെ വരുമാനം ഉപയോഗിക്കുന്ന രൂപത്തിലാണ് വഖഫ് ചെയ്തിട്ടുള്ളത്. ഇതിനകത്ത് 1962 ല്‍ പറവൂര്‍ സബ് കോടതി മുതലുള്ള കേസുകളുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയുലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ഏതെല്ലാം അവകാശമാണ് ശരി, തെറ്റ് എന്നെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ,  പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 16 നാണ് മുഖ്യമന്ത്രിയുടെ ഓൺലൈൻ യോഗം. മുഖ്യമന്ത്രിക്ക് പുറമെ നിയമ റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും വഖഫ് ബോർഡ്‌ ചെയർമാനും യോഗത്തിൽ പങ്കെടുക്കും.

നിയമപരമായ സാധ്യതകൾ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിലാകും ചർച്ച. കോടതിയിൽ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോ​ഗത്തില്‍ ചർച്ച ചെയ്യും. അതേസമയം, പ്രശ്നപരിഹാരത്തിന് സർവകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെടുന്നത്

വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. മുനമ്പം പ്രശ്നം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു.
 ഭൂമി പ്രശ്നം സാമുദായിക പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുൻപേ നിയമപരമായി പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നു.