തിരുവനന്തപുരം: സി പി എം സ്വതന്ത്ര എം എൽ എയായ പി.വി.അൻവറിൻ്റെ ആരോപണങ്ങളെ തുടർന്ന് എ ഡി ജി പി: എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിൻ്റെ ശുപാർശ അംഗീകരിച്ചാണ് ഈ നടപടി. പത്തനംതിട്ട മുൻ എസ് പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ ഉടൻ തീരുമാനിക്കും.
വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ സ്വന്തക്കാരനായതു കൊണ്ട് പൊലീസ് മേധാവി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം. ഇടതുമുന്നണിയിലെ സി പി ഐ അടക്കമുള്ള ഘടക കക്ഷികളും പ്രതിപക്ഷവും നടപടി വൈകുന്നതിൽ പ്രതിഷേധിച്ചിരുന്നു.
എസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മലപ്പുറത്തെ പൊലിസ് ക്വാർട്ടേഴ്സിൽ നിന്നും മുറിച്ച മരം അജിത് കുമാറിനും നൽകിയെന്നാണ് അൻവറിൻ്റെ ആരോപണം.
ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം പിടിച്ച് മുക്കി, തിരുവനന്തപുരം കവടിയാറിലെ വീട് നിർമ്മാണം എന്നിവ അടക്കമുള്ള ആരോപണങ്ങളിലാണ്
ഷെയ്ഖ് ദർവേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്.
വിജിലൻസ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാർ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളിൽ ഷെയ്ഖ് ദർവേസ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.