തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയാൽ സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍ സർക്കാരിന് വൻ ബാദ്ധ്യതയാകുന്ന പശ്ചാത്തലത്തിലാണിത്.
സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് ശമ്ബള പരിഷ്കരണ കമ്മിഷന്റെ ശുപാർശയുണ്ട്. നിലവില്‍ 56 ആണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയില്‍ അംഗങ്ങളായവർക്ക് 60 വയസുവരെ തുടരാം.
16,638 പേരാണ് മേയില്‍ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നല്കാൻ 9151.31കോടിരൂപ കണ്ടെത്തണം. വിരമിക്കല്‍ ആനുകൂല്യ വിതരണം നീട്ടല്‍, പെൻഷൻ പ്രായം ഏകീകരിച്ച് ഒരുവർഷം നീട്ടല്‍ എന്നിവയിലൊന്ന് സർക്കാർ ആലോചിക്കുന്നു.
പ്രായം ഏകീകരണത്തോട് കടുത്ത എതിർപ്പുയർന്നേക്കും. അതുകൊണ്ട് ആദ്യത്തെ നിർദേശത്തിനാണ്
കൂടുതല്‍ സാദ്ധ്യത.
വിരമിക്കല്‍ ആനുകൂല്യം കൂടുതല്‍ പലിശ നല്കി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഓപ്ഷൻ നല്‍കും.
ആനുകൂല്യ വിതരണം ഏറെനീണ്ടാല്‍ പെൻഷൻകാർ കോടതിയില്‍ പോയേക്കുമെന്ന സാദ്ധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടിരൂപ വരെയാണ് ഒരാള്‍ക്ക് പെൻഷൻ ആനുകൂല്യമായി നല്‍കേണ്ടിവരിക.
സംസ്ഥാനത്തിന്റെ പൊതുവായ്പാ ലഭ്യതയില്‍ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതല്‍ മുറുക്കിയത്. ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും കിട്ടിയിട്ടില്ല.
സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ പെൻഷൻപ്രായം 58 ആണ്. പൊതുമേഖലാസ്ഥാപനങ്ങളില്‍ പെൻഷൻ പ്രായം 60 ആക്കാൻ 2022ല്‍ സർക്കാർ ഉത്തരവിറക്കിയെങ്കിലും എതിർപ്പില്‍ പിൻവാങ്ങുകയായിരുന്നു.
കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്രസർവ്വീസില്‍ 60ഉം കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളില്‍ 58ഉം വയസാണ് പെൻഷൻപ്രായം.