തിരുവനന്തപുരം: റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിൻ്റെ പൂട്ടിപ്പോയ ആർ.സി.എഫ്.എൽ എന്ന ധനകാര്യ സ്ഥാപനത്തിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) 60 കോടി രൂപ നിക്ഷേപിച്ചത് അഴിമതിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
2018-ൽ ഈ സ്ഥാപനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു നിക്ഷേപം. ഇക്കാര്യം കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽനിന്ന് മറച്ചുവെച്ചു.
സ്‌റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ട് അനുസരിച്ച് കെ.എഫ്.സി. രൂപീകരിച്ചത് ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. സംസ്ഥാനത്തെ എം.എസ്.എം.ഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്പ നൽകാൻ രൂപീകരിച്ചതാണ് ഈ സ്ഥാപനം. 60 കോടി 80 ലക്ഷം ആയിരുന്നു നിക്ഷേപം. 19-04-2018ൽ നടന്ന കെ.എഫ്.സി.യുടെ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു ഈ നടപടി.
2018 എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിൽ അംബാനിയുടെ സ്ഥാപനങ്ങളെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ഘട്ടത്തിലായിരുന്നു ഈ നിക്ഷേപം. ഇദ്ദേഹത്തിന്റെ എല്ലാ സ്ഥാപനങ്ങളും ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ് എന്ന വാർത്തകൾ വരുന്ന കാലത്താണ് ഈ നടപടിയെടുത്തത്.
2018-19-ലെ കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിൽ കമ്പനിയുടെ പേര് മറച്ചുവെയ്ക്കുകയും ചെയ്തു. 2019-20ലെ വാർഷിക റിപ്പോർട്ടിലും ഇതുതന്നെ ആവർത്തിച്ചു. പിന്നീട് 2020-21ലെ റിപ്പോർട്ടിലാണ് കമ്പനിയുടെ പേര് പുറത്തുവരുന്നത് – സതീശൻ പറഞ്ഞു.
കോർപ്പറേഷൻ ആക്ട് 1951-ന്റെ 33-ാം വകുപ്പ് അനുസരിച്ച് റിസർവ് ബാങ്കിലോ ദേശസാത്കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘2019-ൽ അനിൽ അംബാനിയുടെ ഈ കമ്പനി പൂട്ടി. തുടർന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിയിരുന്നു.
സംസ്ഥാന ചെറുകിട ഇടത്തര സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടായിരുന്നു ഇത്. ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുമ്പോൾ ധനകാര്യ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നില എന്താണെന്ന് പരിശോധിക്കേണ്ടേ ?
അത് പരിശോധിക്കാതെ കമ്മീഷൻ വാങ്ങി ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിരിക്കുന്നത്. പതിനൊന്നാം നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ധനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ കരാർ രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ മുൻ ധനമന്ത്രി തോമസ് ഐസക് നിഷേധിച്ചു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് റിലയൻസിൽ പണം നിക്ഷേപിച്ചത്. കൂടാതെ ചട്ടങ്ങളെല്ലാം പൂർണമായും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏത് ധനകാര്യ സ്ഥാപനവും മിച്ചംവരുന്ന തുക നിക്ഷേപിക്കും. അതിനുള്ള നയം ഓരോ ധനകാര്യ സ്ഥാപനത്തിനുണ്ടാകും. കെ.എഫ്.സി.ക്കുമുണ്ട്. അതനുസരിച്ച് റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ഷെഡ്യൂള്‍ ബാങ്കുകളിലോ എൻ.ബി.എഫ്.സികളിലോ മാത്രമേ നിക്ഷേപിക്കാന്‍ പാടൂള്ളൂ. അവയ്ക്ക് ഡബിള്‍ എ റേറ്റിങ് വേണം. മൂന്നാമതായി, ഈ സ്ഥാപനങ്ങളില്‍ നിന്ന് പലിശ സംബന്ധിച്ച ക്വട്ടേഷന്‍ വിളിച്ച് വേണം നിക്ഷേപം നടത്താന്‍. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികള്‍ ഡബിള്‍ എ പ്ലസ് റേറ്റിങ്ങാണ് നല്‍കിയത്.
നിക്ഷേപം നടത്തുന്ന വർഷം 250 കോടി രൂപയാണ് ഈ കമ്പനിയുടെ ലാഭം. ടെൻഡർ വിളിച്ചാണ് നിക്ഷേപം നടത്തുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ല. റേറ്റിങ് കമ്പനികളെ കെ.എഫ്.സി. സ്വാധീനിച്ച് റേറ്റിങ് ഉയര്‍ത്തിവെച്ചുവെന്ന് പറയുകയാണെങ്കില്‍ അത് അഴിമതിയാണ്. രണ്ട്, ക്വോട്ട് ചെയ്തപ്പോള്‍ മറ്റ് ക്വട്ടേഷനുകളില്‍ പങ്കെടുത്തുള്ള കമ്പനികള്‍ അവര്‍ താഴ്ത്തിവെച്ചു എങ്കിൽ അതും അഴിമതിയാണ്. ഇപ്പോള്‍ ഈ 60 കോടി രൂപ പോയിട്ടൊന്നുമില്ല. ഇപ്പോള്‍ 52 ശതമാനം തരാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, അത് പോരാ. നമുക്ക് പൂര്‍ണമായും പണം ലഭിക്കണമെന്ന നിലപാടിൽ ആലോചന നടക്കുന്നുണ്ട്.
2018-ലെ നിക്ഷേപത്തിന് 52 ശതമാനം ലഭിച്ചാൽ പോരെന്നും പ്രതിപക്ഷ നേതാവ് പറയുന്നതനുസരിച്ച് 101 കോടിയെങ്കിലും ലഭിക്കേണ്ടേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ബിസിനസ്സില്‍ അങ്ങിനെയൊക്കെയുണ്ടാകുമായിരുന്നു മറുപടി
പിന്നെ എന്തിനാണ് 60 കോടി രൂപ നിക്ഷേപം നടത്തിയത്. 250 കോടി രൂപയുടെ ബോണ്ട് ഇറക്കുന്നതിന് യോഗ്യത നേടാന്‍ വേണ്ടിയാണ്. ഇത് ബിസിനസ്സിന്റെ ഭാഗമാണ്. ഇതുവഴി നിക്ഷേപം കൂടുമ്പോള്‍ എ റേറ്റിങുള്ള കമ്പനി ഡബിള്‍ എ റേറ്റിങായി. നമ്മള്‍ ബോണ്ടിറക്കി പണം മേടിച്ച് അത് ആളുകള്‍ക്ക് വിതരണം ചെയ്തു. അതിന്റെ ഫലമായി 2000 കോടിയുണ്ടായിരുന്ന വായ്പ 4000 കോടിയായി. അതില്‍നിന്നുള്ള വരുമാനവുമില്ലേ“- അദ്ദേഹം ചോദിച്ചു.