‘അമ്മ’യിലെ താരങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കും ?

കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനായ ‘അമ്മ’യിലെ ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക യെ സമീപിച്ചു.

നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്.ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘടന രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്. ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടികളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ ചർച്ച ചെയ്ത ശേഷം നിലപാട് അറിയാക്കാമെന്ന് ഉണ്ണികൃഷ്ണന്‍ അവരെ ധരിപ്പിച്ചു. ട്രേഡ് യൂണിയന്‍ രൂപികരിച്ച്‌ പേരുവിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക നേതൃത്വം അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ സ്വത്വം നിലനിർത്തിയാണ് പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘അമ്മ’ ഒരു ട്രേഡ് യൂണിയൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ഞൂറിലധികം താരങ്ങളാണ് അമ്മയിൽ അം​ഗങ്ങളായുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിവാ​ദങ്ങൾ ഉടലെടുക്കുകയും ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ‘അമ്മ’യുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതിൽ താരസംഘടനയിൽ അഭിപ്രായഭിന്നതയും ഉടലെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കാൻ തീരുമാനിച്ചപ്പോൾ ‘അമ്മ’ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഒന്നടങ്കം ബാധിക്കില്ലേ എന്നായിരുന്നു ആശങ്ക. ഇതിനുപിന്നാലെയാണ് ഏതാനും ചിലരുടെ പേരിലുള്ള ആരോപണങ്ങളുടേയും പരാതികളുടേയും പേരിൽ‌ കമ്മിറ്റി ഒന്നടങ്കം രാജിവെയ്ക്കേണ്ടതുണ്ടോ എന്ന ചോദ്യം ചില യുവ അം​ഗങ്ങൾ ഉയർത്തിയത്.

ഹേമ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബി ഉണ്ണികൃഷ്ണൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. ഡബ്ലുസിസി ഒഴികെയുള്ള സംഘടനകളെയൊന്നും ഹേമ കമ്മിറ്റി വിളിക്കുകയോ വിവര ശേഖരണം നടത്തുകയോ ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഹേമ കമ്മിറ്റി ആളുകളെ കണ്ടതെന്നും നിർമാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക അംഗങ്ങൾ എങ്ങനെയാണ് ഒഴിവാക്കപ്പെട്ടതെന്നും ഫെഫ്ക കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.

ഫെഫ്കയിലെ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരെ പോലും കമ്മിറ്റി കണ്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരമർശിച്ച പേരുകളും 15 അംഗ പവർ ഗ്രൂപ്പിലെ അംഗങ്ങളുടെ പേരുകളും പുറത്തുവരണം. സാക്ഷികളിൽ ചിലർ പ്ലാൻ ചെയ്തതാണ് 15 അംഗ പവർ ഗ്രൂപ്പും മാഫിയയും.സിനിമയിൽ ഇത് അസാധ്യമാണ്.പവർ ​ഗ്രൂപ്പിൽ ആരൊക്കെയാണെന്നുള്ളത് നിയമപരമായി പുറത്തുവരണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.