പനിക്കിടക്കയിൽ സംസ്ഥാനം; ആശങ്ക പടരുന്നു

തിരുവനന്തപുരം: പനി ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.

മൂന്ന് പേര്‍ പനി ബാധിച്ച് മരിച്ചു എന്നാണ് കണക്ക്. 11,000ല്‍ അധികം രോഗികള്‍ ആശുപത്രിയില്‍ എത്തിയതില്‍ 159 പേര്‍ക്ക് ഡെങ്കിപ്പനിയും 42 പേര്‍ക്ക് എച്ച്1എന്‍1ഉം സ്ഥിരീകരിച്ചു.സർക്കാർ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തിനിടയില്‍ അരലക്ഷത്തിലേറെപ്പേര്‍ പനി ബാധിച്ച് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസം വരെ 55,830 പേര്‍ക്കാണ് പനി സ്ഥിരീകരിച്ചത്.

ഇതില്‍ 493 പേര്‍ക്ക് ഡെങ്കിപ്പനിയും 69 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 158 പേര്‍ക്ക് എച്ച്-1എന്‍-1 ഉം സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് മൂന്നു പേരും എച്ച്-1എന്‍-1 ബാധിച്ച് മൂന്നു പേരും കഴിഞ്ഞ അഞ്ചു ദിവസത്തിനിടയില്‍ മരിച്ചു.