കരുവന്നൂര്‍ മാത്രമല്ല, മറ്റു 12 സഹ. ബാങ്കുകളും പ്രതിക്കൂട്ടിൽ

കൊച്ചി: സംസ്ഥാനത്തെ 12 സഹകരണ ബാങ്കുകളിൽ നിക്ഷേപത്തട്ടിപ്പ് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകൾ രജിസ്റ്റർ ചെയ്ത ബാങ്കുകളുടെ പേരുകളാണ് ഇ ഡി അറിയിച്ചത്.

അയ്യന്തോൾ, മാരായമുറ്റം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്സ് സഹകരണ ബാങ്ക്, മൂന്നിലവ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട്.

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക തട്ടിപ്പിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുന്നതില്‍ ക്രമക്കേടുണ്ട്. കെ വൈ സി രേഖപ്പെടുത്തിയതിലും അംഗത്വരജിസ്റ്റര്‍ പാലിക്കുന്നതിലും നിയമവിരുദ്ധതയുണ്ട്.

സി ക്ലാസ് അംഗത്വം നല്‍കിയത് സൊസൈറ്റി ബൈലോയ്ക്ക് വിരുദ്ധമാണ്. വായ്പയ്ക്ക് ഈട് നല്‍കുന്നതിലും വ്യാപക ക്രമക്കേടുണ്ടെന്ന് ഇ ഡി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

കരുവന്നൂര്‍ വായ്പാതട്ടിപ്പ് കേസില്‍ സ്വത്തുകള്‍ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തത് ചോദ്യം ചെയ്ത് പ്രതി അലിസാബ്രി നല്‍കിയ ഹര്‍ജിയിലാണ് ഇ ഡിയുടെ സത്യവാങ്മൂലം.

പലരുടെയും മൊഴികളിൽ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തു വന്നു. മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്ക് അടക്കം സമൻസ് അയക്കാനുള്ള നടപടി പുരോഗമിക്കുന്നതായും ഇ.ഡി ബോധിപ്പിച്ചു.