തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടർമാരെ 15 ദിവസത്തിനുള്ളിൽ പിരിച്ചുവിടുമെന്ന് സർക്കാർ വ്യക്തമാക്കി.
ഡോക്ടർമാരുടെ പേരുവിവരങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. പേര്, വിലാസം, ജോലിചെയ്തിരുന്ന ആശുപത്രി എന്നിവയുൾപ്പെടെ പത്രങ്ങളിൽ പരസ്യം നൽകി.മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ വിവരങ്ങളാണ് പരസ്യത്തിലുള്ളത്.എന്നുമുതലാണ് ജോലിക്ക് എത്താതിരുന്നതെന്നും പരസ്യത്തിൽ പറഞ്ഞിട്ടുണ്ട്.സർവ്വീസിൽനിന്ന് പിരിച്ചുവിടുന്നതിന്റെ മുന്നോടിയായാണ് പരസ്യം.
2023 ഒക്ടോബർവരെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരുടെ പേരുകളാണ് പരസ്യത്തിലുള്ളത്. ജനറൽ മെഡിസിൻ, കാർഡിയോളജി, അനസ്‌തേഷ്യ തുടങ്ങിയ എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലെ ഡോക്ടർമാരും പട്ടികയിൽ ഉണ്ട്. ഡോക്ടർമാർ ഉൾപ്പെടെ രണ്ടായിരത്തോളം ജീവനക്കാരാണ് സർവീസിൽനിന്ന് വിട്ടുനിൽക്കുന്നത്.
തിരികെ സർവ്വീസിൽ പ്രവേശിക്കാൻ അവർക്ക് പലവട്ടം നിർദേശം നൽകിയിരുന്നു.സംസ്ഥാനത്ത് ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ ബാധിച്ചതോടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് തന്നെ നടപടിക്ക് നിർദേശിച്ചത്.
പലരും നീണ്ട അവധിയെടുത്ത് വിദേശത്തേക്കു കടക്കുകയും സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകുകയും ചെയ്യുന്നുണ്ട്. അവർക്ക് അവിടെ ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നു. വിരമിക്കുന്നതിന് മുമ്പ് ജോലിയിൽ പ്രവേശിച്ച് പെൻഷൻ ഉറപ്പാക്കുന്നവരുമുണ്ട്