ബംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി വിധി പറയാനായി കർണാടക ഹൈക്കോടതി മാറ്റി.ജസ്റ്റീസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വീണയെ അറസ്ററ് ചെയ്യാൻ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് തത്കാലം നോട്ടീസ് മാത്രമേ നല്‍കൂ എന്നാണ് എസ്എഫ്ഐഒ കോടതിയിൽ പറഞ്ഞു. കോടതി ഉത്തരവ് വരുന്നത് വരെ അറസ്റ്റിലേക്ക് നീങ്ങരുതെന്ന് കോടതി നിർദേശിച്ചു.എസ്എഫ്ഐഒ ചോദിച്ച രേഖകൾ കൊടുക്കണമെന്ന് കോടതി എക്സാലോജികിനോടും പറഞ്ഞു.
എക്സാലോജിക് സൊലൂഷന്‍സ് കമ്പനി ഡയറക്ടർ വീണയാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയാനായി മാറ്റിയത്. എന്നത്തേക്കു വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
ആലുവയിലെ സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് എസ്എഫ്ഐഒ അന്വേഷിക്കുന്നത്. എസ്എഫ്ഐഒ, കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വീണയുടെ ഹര്‍ജി.