ആർ എസ് എസ് കൂടിക്കാഴ്ച: പിണറായിയെ തള്ളി ബിനോയ് വിശ്വം

തിരുവനന്തപുരം: ആർ എസ് എസ് ദേശീയ നേതാക്കളെ രണ്ടു തവണ കണ്ട എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത പ്രതിരോധത്തിലാക്കുന്ന നിലപാടുമായി സി പി ഐ.

ആർ എസ് എസ് ചങ്ങാത്തമുള്ള അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം കോട്ടയത്ത് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത് ഒരു മുന്നറിയിപ്പാണ്. ഇനിയും കാത്തിരിക്കാൻ സി പി ഐ തയാറല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

തൃശ്ശൂർ പൂരം കലക്കലിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ‘പ്രതി’യായി മാറിയ എഡിജിപിയെ മാററി നിർത്താതെ സി പി ഐയ്ക്ക് മുഖം രക്ഷിക്കാനാവില്ല.

അന്വേഷണം തീരട്ടെ എന്ന മുഖ്യമന്ത്രിയുടെ വാക്ക് കേട്ടാണ് കാത്തിരിപ്പ്. പക്ഷെ തീരുമാനം അനന്തമായി നീട്ടാൻ സിപിഐ തയ്യാറല്ല എന്നാണ് ബിനോയ് വിശ്വത്തിൻ്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.

അജിത് കുമാറിൻറെ മാറ്റമില്ലാതെ സിപിഐക്ക് നിയമസഭയിലേക്ക് പോകാനാകാവില്ല.അജിത് കുമാറിനെതിരായ പലതരം അന്വേഷണം നടക്കുന്നുണ്ട്. പോലീസ് മേധാവി തല അന്വേഷണത്തിന്റെ കാലാവധി മൂന്നിന് തീരും. അൻവറിൻറെ പരാതിയിലാണ് അന്വേഷണം. പക്ഷെ അൻവർ,ഇടതു മുന്നണി ബന്ധം വിട്ടതോടെ ഇനി അന്വേഷണത്തിൻറെ ഭാവിയിൽ സിപിഐക്ക് ആശങ്കയുണ്ട്.

‘ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല’ – നിലപാടിൽ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

മലപ്പുറത്ത് അൻവറിനെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ ഉയർത്തിയ കൊലവിളി മുദ്രാവാക്യത്തെയും അദ്ദേഹം വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.