തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ കടുത്ത അമര്‍ഷത്തില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലുള്‍പ്പെടെ ബംഗളൂരു മോഡല്‍ ഭീകരാക്രമണത്തിന് ആഗോള ഭീകരഗ്രൂപ്പായ ഐ.എസ് പദ്ധതി ഇട്ടിരുന്നു.
ശനിയാഴ്ച്ച കാട്ടൂരില്‍ അറസ്റ്റിലായ ഷിയാ സിദ്ദിഖിന്റെ മൊഴിയിലാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇയാളെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. എല്ലാ ജില്ലകളിലും ഐ.എസിന് യൂണിറ്റുണ്ടെന്നും വിവരമുണ്ട്. സത്യമംഗലത്ത് അറസ്റ്റിലായ ആഷിഫും ഇതേ മൊഴിയാണ് നല്‍കിയത്. ടെലഗ്രാം ഗ്രൂപ്പ് വഴി ആശയവിനിമയം നടത്തിയവരുള്‍പ്പെടെ 30ലേറെ പേര്‍ എന്‍.ഐ.എ നിരീക്ഷണത്തിലാണ്.
ഈ സംഘം കേരളത്തിലെ ആരാധനാലയങ്ങളെയും ചില സമുദായ നേതാക്കളെയും ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിയതായും വിവരമുണ്ട്. സംസ്ഥാനത്ത് ഭീകരത പടര്‍ത്താനും വര്‍ഗീയവിഭജനം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിട്ടത്. ജൂലായ് 19ന് അറസ്റ്റിലായ ആഷിഫ്, സെയ്ദ് നബീല്‍ അഹമ്മദ്, തൃശൂര്‍ സ്വദേശി ഷിയാസ്, പാലക്കാട് സ്വദേശി റായീസ് എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തി ഫോണുകള്‍, ലാപ്പ് ടോപ്പ് എന്നിവ പിടിച്ചെടുത്തിരുന്നു.
പ്രതികളുമായി അടുത്ത ബന്ധമുള്ള നിരവധി പേരെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുണ്ടായേക്കും.