April 4, 2025 10:11 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ പ്രത്യേക ബെഞ്ച്

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ  ഹൈക്കോടതി വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരിക്കും ഹർജികൾ  പരിഗണിക്കുക.

റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സ‍ജിമോൻ പാറയിൽ നൽകിയ അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ തീരൂമാനം അറിയിച്ചത്.

റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് നേരത്തെ നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ ആരോപണങ്ങളിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഈ നിർദേശം. വരുന്ന പത്തിന് സർക്കാരിന്‍റെ മറുപടിയ്ക്കായി കേസ് പരിഗണിക്കുക പുതിയ ബെഞ്ചാകും.

റിപ്പോർട്ടിലെ മൊഴികളെ അടിസ്ഥാനമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജിയും ഇതിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിന്‍റെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും പരിഗണനിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News