April 22, 2025 5:04 pm

അമിത ജോലി ഭാരം: അന്വേഷണം വയ്യെന്ന് സി ബി ഐ

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഏറെറടുക്കാൻ വയ്യെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. അമിത ജോലി ഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കാരണമെത്രെ.

കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് സംസ്ഥാന സർക്കാ‍ർ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. സംസ്ഥാന സർക്കാരിന്‍റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ സിബിഐയോട് നിലപാട് തേടിയിരുന്നു.

ഹൈറിച്ചിന് സമാനമായ നിരവധി സാമ്പത്തിക തട്ടിപ്പുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്നും ജോലി ഭാരം കൂടുതലായിതിനാൽ ഒഴിവാക്കണമെന്നുമായിരുന്നു സിബിഐയുടെ ആവശ്യം.

കേന്ദ്ര ഏജൻസിക്ക് കൈമാറിയ കേസിൽ സംസ്ഥാന പൊലീസ് കൂടുതൽ എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്യുന്നത് ചോദ്യം ചെയ്ത് ഹൈറിച്ച് കമ്പനി ഡയറക്ടർ നൽകിയ ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത് അടുത്തമാസം 16ന് ഹർജി വീണ്ടും പരിഗണിക്കും.

തൃശ്ശൂര്‍ സ്വദേശികളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനുമാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ ഉടമകള്‍. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചിരുന്നു.

മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഹൈറിച്ച് മണി ചെയിൻ ഇടപാടിലൂടെ കൈവന്ന പണം കള്ളപ്പണ ഇടപാടുകൾക്ക് അടക്കം ഉപയോഗിച്ചെന്നും ഇഡി കണ്ടെത്തിയിരുന്നു.

കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫന്‍സ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിര്‍ദേശം.

നേരത്തെ ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികള്‍ക്ക് ചോര്‍ന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐ.ക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ അതീവരഹസ്യമായി കൈകാര്യംചെയ്തതെന്നാണ് സൂചന.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിന്‍ മാതൃകയിലാണ് ഹൈറിച്ച് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോര്‍ട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്പനി നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്.

ഇ.ഡി. നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ക്രിപ്റ്റോകറന്‍സിയായ എച്ച്.ആര്‍.കോയിന്‍ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായാണ് കണ്ടെത്തല്‍. ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും സംശയമുണ്ട്.

പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കള്‍ കമ്പനിയില്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.

ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാന്‍ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്പതോളം ഐ.ഡി.കള്‍ സൃഷ്ടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News