കൊച്ചി: മലയാള സിനിമ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്ന കുററകൃത്യങ്ങളിൽ പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് സംബന്ധിച്ച വെളിപ്പെടുത്തലുകളിൽ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം. ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്.പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.
റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ല. മുഴുവന്‍ മൊഴികളും എല്ലാവര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് പറയുന്നത്.
പല ഭാഗങ്ങളായി 3896 പേജുകൾ അന്വേഷണ ഉദ്യോഗസ്ഥർ വായിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കാനും തീരുമാനം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. അവരെ കണ്ടെത്താന്‍ മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക.